തൃശൂര്‍: തൃശൂർ ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പുരോഗികളായ ദമ്പതികൾക്ക് പരിക്കേറ്റു. ആരോവീട്ടിൽ കുട്ടപ്പൻ (70), ഭാര്യ അംബിക (65) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം.
ഉറക്കത്തിലായിരുന്ന ദമ്പതികളുടെ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് തീ ആളിപ്പടരുകയും മുറിയാകെ കനത്ത പുക നിറയുകയും ചെയ്തു. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ ഭിത്തികൾക്ക് വിള്ളലുണ്ടാവുകയും ജനൽച്ചില്ലുകൾ തകരുകയും ചെയ്തു. ഫ്രിഡ്ജ് പൂർണമായും കത്തിനശിച്ചു.
വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. പുക ശ്വസിച്ചതിനെ തുടർന്ന് ശ്വാസതടസം അനുഭവപ്പെട്ട ദമ്പതികളെ ആദ്യം മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തുടർചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഫ്രിഡ്ജിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




