മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി ഗൗതം ഗംഭീർ തന്നെ തുടർന്നേക്കും. ഗംഭീറിനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റാന്‍ ബിസിസിഐ നിലവില്‍ ആലോചിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗളുരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ വിവിഎസ് ലക്ഷ്മണ്‍ തന്റെ റോളില്‍ സംതൃപ്തനാണെന്നും, അതിനാല്‍ തല്‍ക്കാലം ഒരു താല്‍ക്കാലിക പരിശീലകനെ നിയമിക്കേണ്ടതില്ലെന്നുമാണ് ബിസിസിഐയുടെ തീരുമാനം. നേരത്തെ ലക്ഷ്മണിനെ ശ്രീലങ്കന്‍ പര്യടനം മുതല്‍ ടെസ്റ്റ് ടീമിന്റെ മുഖ്യപരിശീലകനാക്കുമെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു.
മൂന്നു ഫോര്‍മാറ്റുകളിലും സമീപകാലത്ത് ടീമിനുണ്ടായ മോശം പ്രകടനങ്ങള്‍ ഗംഭീറിന്റെ പരിശീലക പദവിക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പരകളില്‍ ന്യൂസിലന്‍ഡിനോടും ദക്ഷിണാഫ്രിക്കയോടും നേരിട്ട പരാജയങ്ങള്‍ വലിയ വിമര്‍ശനത്തിന് വഴിവെച്ചു. ഗംഭീര്‍ മുഖ്യ പരിശീലകനായി തുടരാന്‍ ബിസിസിഐ ചൂണ്ടിക്കാട്ടുന്നത് പ്രധാനമായും രണ്ട് കാരണങ്ങളാണ്.
ടീമിലെ തലമുറ മാറ്റമാണ് ആദ്യത്തേത്. വിരാട് കോഹ്ലി, രോഹിത് ശര്‍മ, രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങിയ താരങ്ങളുടെ വിരമിക്കലിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീം ഒരു വലിയ മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. ശുഭ്മന്‍ ഗില്‍ നയിക്കുന്ന പുതിയൊരു സംഘത്തെ വാര്‍ത്തെടുകയാണ്. അപ്പോൾ തിരിച്ചടികളുണ്ടാകുന്നത് സ്വാഭാവികമെന്ന് വിലയിരുത്തുന്നു. പ്രധാന താരങ്ങള്‍ക്ക് തുടര്‍ച്ചയായുണ്ടാകുന്ന പരിക്കുകളാണ് മറ്റൊരു കാരണം. ഇത് ടീമിന്റെ പ്രകടനത്തെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. പ്രധാന പരമ്പരകൾക്ക് മുമ്പെല്ലാം പ്രധാന താരങ്ങൾ പരിക്ക് പറ്റി പുറത്ത് പോവുന്നത് പതിവാണ്.


