മുംബൈ: മുംബൈയിലെ 53,928 കോടി രൂപയുടെ ഭൂഗർഭറോഡ് ശൃംഖല പദ്ധതിക്ക് സർക്കാരിന്റെ അംഗീകാരം ലഭിച്ചു. ബാന്ദ്ര-വർളി സീ ലിങ്ക്, ബി.കെ.സി. ധാരാവി, വിമാനത്താവളം എന്നിവയെ ബന്ധിപ്പിക്കുന്ന വിപുലമായ ഭൂഗർഭ റോഡ് ശൃംഖലയാണ് മുംബൈയിൽ നിർമിക്കുന്നത്. മഹാരാഷ്ട്ര സർക്കാർ ഈ പദ്ധതിക്ക് അംഗീകാരം നൽകി. മുംബൈ മെട്രോപൊളിറ്റൻ റീജൺ ഡിവലപ്മെന്റ് അതോറിറ്റി (എം.എം.ആർ.ഡി.എ.) നിർദേശിച്ച പദ്ധതി, നഗരത്തിലെ ഏറ്റവും തിരക്കേറിയ ഇടനാഴികളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഏകദേശം 53,928.2 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 61.74 കിലോമീറ്റർ തുരങ്ക പാതകൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. മുംബൈയിലുടനീളമുള്ള പ്രധാന വാണിജ്യ, പാർപ്പിട, ഗതാഗത കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ശൃംഖലയാണിത്. നിർദിഷ്ട ശൃംഖലയുടെ മധ്യഭാഗം മിത്തി നദിക്ക് കീഴിലൂടെ കടന്നുപോകും., ഇത് ബാന്ദ്ര-കുർള കോംപ്ലക്സിനെയും (ബി.കെ.സി.) ധാരാവിയെയും ബന്ധിപ്പിക്കും. ബി.കെ.സിയിലെ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ, ധാരാവി, ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 2 എന്നിവയുൾപ്പെടെ ഒട്ടേറെ പ്രധാന സ്ഥലങ്ങളിലേക്ക് തുരങ്കങ്ങൾ നീളും.
വെസ്റ്റേൺ എക്സ്പ്രസ് ഹൈവേക്ക് സമാന്തരമായി ബാന്ദ്ര ഈസ്റ്റ്, വക്കോള, വിലെപാർലെ തുടങ്ങിയ പ്രദേശങ്ങളിലൂടെയും തുരങ്കങ്ങൾ കടന്നുപോകും. രണ്ടാംഘട്ടം അന്ധേരി ഈസ്റ്റിലെ തിരക്കേറിയ ഭാഗങ്ങളായ അസൽഫ, സാക്കിനക എന്നിവയിലൂടെ കിഴക്കോട്ട് നീട്ടാനും ഘട്കോപ്പറിനടുത്തുള്ള ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലേക്ക് ബന്ധിപ്പിക്കാനും പദ്ധതിയിട്ടിട്ടുണ്ട്..
മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന മൂന്ന് വരി തുരങ്കങ്ങൾ നിർമിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്കും അടിയന്തരമായി നേരിടുന്ന പ്രശ്നങ്ങളെ നേരിടാനുമായി ഓരോ 300 മീറ്ററിലും ക്രോസ് പാസേജുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
പദ്ധതിക്ക്തത്വത്തിലുള്ള അംഗീകാരം ലഭിച്ചുവെങ്കിലും പദ്ധതി നിർവഹണത്തിലേക്ക് നീങ്ങുന്നതിന് മുൻപ് എം.എം.ആർ.ഡി.എ. ഫണ്ടിങ് ക്രമീകരണങ്ങൾ അന്തിമമാക്കണം. ഒരു ജനറൽ കൺസൾട്ടന്റിനെയും കരാറുകാരെയും നിയമിക്കുകയും ആവശ്യമായ പാരിസ്ഥിതിക, നിയമപരമായ അനുമതികൾ നേടുകയും വേണം. ഏകദേശം 53,928.2 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 61.74 കിലോമീറ്റർ തുരങ്ക പാതകൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്.


