കൊച്ചി: ഭക്ഷണം കഴിച്ച ശേഷം പണം നൽകാത്തത് ചോദ്യം ചെയ്തതിനെ ഹോട്ടൽ ഉടമയെയും ജീവനക്കാരനെയും മർദിച്ചു. എറണാകുളം എൻജിഒ ക്വാർട്ടേഴ്സ് ജംഗ്ഷന് സമീപത്തെ ‘ടി കമ്പനി’ എന്ന ഹോട്ടലിലാണ് സംഭവം നടന്നത്. പരിക്കേറ്റ കടയുടമയും ഇതര സംസ്ഥാന തൊഴിലാളിയായ ജീവനക്കാരനും ആശുപത്രിയിൽ ചികിത്സ തേടി. മൂന്ന് പ്രതികളിൽ ഒരാളെ പൊലീസ് പിടികൂടിയതായാണ് വിവരം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഹോട്ടലിൽ സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്ന മൂന്ന് യുവാക്കളാണ് ആക്രമണം നടത്തിയതെന്നാണ് കടയുടമയുടെ ആരോപണം. ഇവർ ഇൻഫോപാർക്കിന് സമീപമുള്ള ഒരു ഷവർമ സ്ഥാപനത്തിലെ ജീവനക്കാരാണെന്നും സൂചനയുണ്ട്. ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ പോകുന്നത് ഇവരുടെ പതിവാണെന്ന് ഉടമ പറയുന്നു.
ഇന്നലെ രാത്രി ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ പോകാൻ ശ്രമിച്ചപ്പോൾ കടയുടമ ചോദ്യം ചെയ്തതോടെയാണ് സംഘർഷം ആരംഭിച്ചത്. സംസാരത്തിനിടെ ഒരാൾ കടയ്ക്കുള്ളിൽ കയറി ചായ തയ്യാറാക്കിക്കൊണ്ടിരുന്ന ജീവനക്കാരനെ മർദിക്കുകയായിരുന്നു. തുടർന്ന് സംഘർഷം രൂക്ഷമായി. കടയുടമയ്ക്കും ജീവനക്കാരനും മർദനമേറ്റത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവത്തിൽ തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പിടിയിലായ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.




