ബംഗളൂരു: കർണാടകയിൽ 26 കാരിയെ കൂട്ടബലത്സംഗത്തിനിരയാക്കിയ കേസിൽ കോടതി ജാമ്യം അനുവദിച്ചതോടെ റോഡിൽ ആഹ്ലാദ പ്രകടനവുമായി പ്രതികൾ. ഹാവേരിയിലെ അക്കി ആലൂർ പട്ടണത്തിലാണ് വിജയാഘോഷം നടന്നത്. നഗരത്തിലൂടെ ഉച്ചത്തിൽ പാട്ട് വെച്ച് ആഘോഷ പ്രകടനം നടത്തി. റോഡുകളിൽ നടന്ന ആഘോഷത്തിൽ ബൈക്കുകളുടെയും കാറുകളുടെയും സംഘം പ്രതികളെ അനുഗമിച്ചു. പുഞ്ചിരിച്ചും വിജയചിഹ്നങ്ങളും കാണിച്ചായിരുന്നു ആഘോഷം.
കർണാടകയിലെ ഹാവേരിയിൽ യുവതിയെ തട്ടിക്കൊണ്ട് പോയി വനത്തിനുള്ളിൽ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതികളിൽ ഏഴ് പേർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഒന്നേക്കാൽ വർഷങ്ങൾക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം. പ്രതികൾ ദമ്പതികളുടെ ഹോട്ടൽ മുറിയിൽ അതിക്രമിച്ച് കടക്കുകയും യുവതിയെ ബലമായി വലിച്ചിഴച്ച് വനത്തിനുള്ളിൽ കൊണ്ട് പോയി പീഡനത്തിനിരാക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട 19 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ 12 പേരെ 10 മാസം മുൻപ് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. പ്രധാന പ്രതികളായി കണക്കാക്കപ്പെടുന്ന ബാക്കിയുള്ള 7 പേർക്കാണ് ഏറ്റവും ഒടുവിൽ ജാമ്യം ലഭിച്ചത്.



