കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ കഞ്ചാവുവേട്ട. 34 കിലോ ഹൈബ്രിഡ് കഞ്ചാവും തായ്ലന്‍ഡ് നിര്‍മിതമായ 15 കിലോയോളം വരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്‌ക്കറ്റ് എന്നിവയില്‍ കലര്‍ത്തിയ രാസലഹരിയുമാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് യുവതികള്‍ പിടിയിലായി. 35 കോടിരൂപ വിലവരുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയതെന്ന് അധികൃതര്‍ പറഞ്ഞു.
ഇന്നലെ രാത്രി 11.45 ന് എയര്‍ഏഷ്യ വിമാനത്തില്‍ എത്തിയ ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദീന്‍ (40), കോയമ്പത്തൂര്‍ സ്വദേശിനി കവിത രാജേഷ്‌കുമാര്‍ (40), തൃശൂര്‍ സ്വദേശിനി സിമി ബാലകൃഷ്ണന്‍ (39) എന്നിവരെയാണ് എയര്‍ കസ്റ്റംസ്, എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് കസ്റ്റംസ് ഇവരെ പിടികൂടിയത്. ഇവര്‍ തായ്ലന്‍ഡില്‍ നിന്നും ക്വാലാലംപുര്‍ വഴി ആണ് കോഴിക്കോട് എത്തിയത്.
ട്രോളി ബാഗില്‍ ഒളിപ്പിച്ച് അബുദാബിയില്‍നിന്ന് എത്തിച്ച 18 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കോഴിക്കോട് വിമാനത്താവളത്തില്‍ ഇന്നലെ രാവിലെ പൊലീസ് പിടികൂടിയിരുന്നു. ഇത് ഏറ്റുവാങ്ങാനെത്തിയ രണ്ടു കണ്ണൂര്‍ സ്വദേശികളെയും അറസ്റ്റ് ചെയ്തു. പിടികൂടിയ കഞ്ചാവിന് 9 കോടി രൂപ വിലവരും. കഞ്ചാവ് എത്തിച്ച യാത്രക്കാരനു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കണ്ണൂര്‍ മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപ്പറമ്പത്ത് വീട്ടില്‍ റിജില്‍ (35), തലശ്ശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന്‍ ആര്‍.ബാബു (33) എന്നിവരാണു പിടിയിലായത്. കഴിഞ്ഞദിവസം രാത്രി എട്ടിന് അബുദാബിയില്‍നിന്ന് ഇത്തിഹാദ് വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ ട്രോളി ബാഗിലാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത്. 14 പാക്കറ്റുകളിലായി അടുക്കിവച്ച നിലയിലായിരുന്നു. കരിപ്പൂര്‍ പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് ഇതു പിടിച്ചെടുത്തത്.






