തിരുവനന്തപുരം : തിരുവനന്തപുരം വനം ഡിവിഷനിൽ പെട്ട പൊന്മുടി എക്കോ ടൂറിസം വനപ്രദേശങ്ങളിൽ സന്ദർശകരുടെ ആധിക്യം കാരണം വ്യാപകമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കപ്പെടുന്നു എന്ന് കണ്ടെത്തലിനെ തുടർന്നും, പൊന്മുടി ഭാഗത്തെ കമ്പിമൂട്,ഒറ്റ മരം എന്നിവിടങ്ങളിൽ സഞ്ചാരികൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നും ബഹുമാനപ്പെട്ട തിരുവനന്തപുരം ജില്ലാ കളക്ടറുടെ അടിയന്തര നിർദ്ദേശപ്രകാരം പാലോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ മേൽനോട്ടത്തിൽ പൊന്മുടിയുടെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജന യജ്ഞം സംഘടിപ്പിച്ചു.
29/11/2025 ശനിയാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച പ്ലാസ്റ്റിക് മാലിന്യ നിവാരണ പരിപാടികൾക്ക് നെയ്യാറ്റിൻകര വിമലഹൃദയ ഹൈസ്കൂൾ, ഉണ്ടൻകോട് സെന്റ് ജോൺസ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ എസ്.പി.സി വിദ്യാർത്ഥികൾ, പൊന്മുടി വി എസ് എസ് അംഗങ്ങൾ, കല്ലാർ സെക്ഷൻ സ്റ്റാഫുകൾ എന്നിവർ കൂട്ടായി നടത്തിയ പ്ലാസ്റ്റിക് നിർമാർജന പരിപാടികൾ മാതൃകാപരമായിരുന്നു.
പാലോട് റേഞ്ച് ഫോറസ്റ്റ് ഓഫീസർശ്രീ. വിപിൻ ചന്ദ്രൻ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അപകടങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ഉദ്ബോധനം നൽകി.
പൊന്മുടി എക്കോ ടൂറിസം സെക്രട്ടറി ശ്രീ. ഷാജി, കല്ലാർ സെക്ഷൻ സ്റ്റാഫുകൾ ആയ ശ്രീമതി ഹർഷ മോഹൻ, ശ്രീമതി നിത്യ ആർ സുരേഷ്, ശ്രീ ജസ്റ്റിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.










