കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി രാജിവച്ചു. രണ്ടാം ദിവസവും ജെൻ – സിയുടെ വ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ രാജി. ശർമ ഒലിയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുമെന്നും റിപ്പോർട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഔദ്യോഗിക വസതി പ്രക്ഷോഭകർ കത്തിച്ചു. സമൂഹമാദ്ധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കിൽ രോഷാകുലരായ ലക്ഷക്കണക്കിന് യുവജനങ്ങളാണ് (ജെൻ- സി) സർക്കാരിനെതിരെ തെരുവിലിറങ്ങിയത്. മന്ത്രിമാരുടെ വീടുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. ഇന്നലെ പ്രക്ഷോഭത്തിൽ 20 പേർ കൊല്ലപ്പെടുകയും 250പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ സർക്കാരിൽ സേവനമനുഷ്ഠിക്കാൻ താൻ യോഗ്യനല്ലെന്ന് വ്യക്തമാക്കി ജലവിതരണ മന്ത്രി പ്രദീപ് യാദവ് ഇന്ന് മന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
സമൂഹമാദ്ധ്യമ നിരോധനം പിൻവലിച്ചിട്ടും പ്രക്ഷോഭം അവസാനിപ്പിക്കാൻ പ്രതിഷേധക്കാർ തയ്യാറായിട്ടില്ല. ഇന്നലെ രാത്രിയോടെയാണ് നേപ്പാളിൽ സമൂഹമാദ്ധ്യമ നിരോധനം പിൻവലിച്ചത്. ദേശീയ സുരക്ഷയുടെ പേരിലാണ് സമൂഹമാദ്ധ്യമ നിരോധനം ഏർപ്പെടുത്തിയിരുന്നത്. ഇതിനെതിരെ കാഠ്മണ്ഡുവിൽ തുടങ്ങിയ പ്രക്ഷോഭം ഇപ്പോൾ രാജ്യമാകെ വ്യാപിച്ചിരിക്കുകയാണ്.






