തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വച്ച് ഛര്‍ദിച്ച വിദ്യാര്‍ത്ഥിനിയെ രാത്രി 7 മണിക്ക് വഴിയില്‍ ഇറക്കിവിട്ടതായി പരാതി. കോലിയക്കോട് സ്വദേശിനിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥി നിഖിലയ്ക്കാണ് ദുരനുഭവം. വൈകുന്നേരം ആറരയോടെ വേള്‍ഡ് മാര്‍ക്കറ്റിന് മുന്നില്‍ നിന്നും കോലിയക്കോടേയ്ക്ക് ബസ് കയറിയതാണ് നിഖില. കഴക്കൂട്ടം കഴിഞ്ഞപ്പോള്‍ നിഖിലയ്ക്ക് ഛര്‍ദ്ദി ആരംഭിക്കുകയായിരുന്നു. ബസ് വെട്ടുറോഡ് എത്തിയപ്പോഴേക്കും ബസ്സിനുള്ളില്‍ ഛര്‍ദ്ദിക്കാന്‍ പറ്റില്ല എന്ന് കണ്ടക്ടര്‍ പറഞ്ഞു.
തുടര്‍ന്ന് ബസ് നിര്‍ത്തി വിദ്യാര്‍ഥിനിയെ ഇറക്കിയ ശേഷം ബസ് വിട്ടു പോയി. വെഞ്ഞാറമൂട് ഡിപ്പോയിലെ ബസാണ് ഇത്തരത്തില്‍ യുവതിയോട് പെരുമാറിയത്. കൈവശം പണമില്ലാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി വിവരം വീട്ടില്‍ വിളിച്ചറിയിച്ചു. തുടര്‍ന്ന് സമീപത്തെ കടയിലേക്ക് ഗൂഗിള്‍ പേ ചെയ്ത് പണം വാങ്ങിയാണ് പെണ്‍കുട്ടി യാത്ര തുടര്‍ന്നത്. വെട്ടുറോഡ് നിന്നും പോത്തന്‍കോട് സ്വകാര്യ വാഹനത്തില്‍ എത്തി അവിടെ നിന്നും ബസില്‍ കോലിയക്കോടുള്ള വീട്ടിലെത്തിയപ്പോഴേക്കും രാത്രി എട്ടര കഴിഞ്ഞു. കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കിയതായി പെണ്‍കുട്ടി അറിയിച്ചു.



