നോയിഡ: ഉത്തർപ്രദേശിൽ നവജാത ശിശുവിന് നൽകിയ കുത്തിവയ്പ്പിൽ അപാകതയെന്ന് പരാതി. കുഞ്ഞിന്റെ പിതാവ് ബാലേശ്വർ ഭാട്ടി പൊലീസിൽ പരാതി നൽകി. ഈ മാസം 5ന് ജനിച്ച കുഞ്ഞിന്റെ ആരോഗ്യം മോശമായതിനെ തുടർന്ന് ഗ്രേറ്റർ നോയിഡയിലെ നഴ്സിങ് ഹോമിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ കുത്തിവയ്പ്പു നൽകിയ ശേഷം കുഞ്ഞിന്റെ കൈ വീർക്കുകയും നീല നിറമാവുകയും ചെയ്തു. കുടുംബം പരാതി ഉന്നയിച്ചെങ്കിലും നടപടികളൊന്നും ഉണ്ടായില്ലെന്ന് കുടുംബം ആരോപിക്കുന്നു.
കുഞ്ഞിന്റെ നില വഷളായപ്പോൾ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആരോഗ്യനിലയിൽ മാറ്റമില്ലാത്തതിനെ തുടർന്ന് വീണ്ടും മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ കൈ അഴുകി തുടങ്ങിയതിനാൽ കൈ മുറിച്ചുമാറ്റാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.




