കൊച്ചി: സ്വർണവില കുത്തനെ കുറഞ്ഞതോടെ ബാങ്കുകളിൽ സ്വർണം പണയം വെച്ച് വായ്പ എടുത്തവർ പ്രതിസന്ധിയിലായി. സ്വർണത്തിന്റെ മൂല്യം കുറഞ്ഞതോടെ വായ്പാ പരിധി മറികടന്നവരോട് അധിക തുക തിരിച്ചടയ്ക്കാനോ കൂടുതൽ സ്വർണം പണയം വെക്കാനോ ബാങ്കുകൾ നിർദേശം നൽകുകയാണ്.
വായ്പ എടുത്ത സമയത്തെ സ്വർണവില അനുസരിച്ചാണ് ബാങ്കുകൾ പണം അനുവദിക്കുന്നത്. എന്നാൽ പിന്നീട് സ്വർണവില കുറഞ്ഞാൽ വായ്പയുടെ മൂല്യവും കുറയും. ഇതോടെ അനുവദിച്ച വായ്പയും നിലവിലെ സ്വർണത്തിന്റെ മൂല്യവും തമ്മിൽ വ്യത്യാസം വരും. ഈ കുറവ് നികത്താനാണ് ബാങ്കുകൾ ഉപഭോക്താക്കൾക്ക് സന്ദേശങ്ങളും കത്തുകളും അയക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ നാലേമുക്കാൽ ലക്ഷം രൂപ സ്വർണപ്പണയ വായ്പ എടുത്തവർക്ക് ഇപ്പോൾ ഏകദേശം 9,000 രൂപയെങ്കിലും തിരിച്ചടയ്ക്കേണ്ട സാഹചര്യമുണ്ടെന്നാണ് കണക്ക്. ലോൺ ടു വാല്യു (LTV) അനുപാതമാണ് ഇതിന് അടിസ്ഥാനം. കഴിഞ്ഞ ജനുവരി മുതൽ ഒരു പവൻ സ്വർണത്തിന് 38,280 രൂപയുടെ വിലയിടിവാണ് ഉണ്ടായത്. ഇത് ഏകദേശം 29.4 ശതമാനം കുറവാണ്.
റിസർവ് ബാങ്കിന്റെ ചട്ടപ്രകാരം വായ്പാ തുക സ്വർണത്തിന്റെ മൂല്യത്തിന് അനുസരിച്ചാണ് നിശ്ചയിക്കുന്നത്. 2.5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് സ്വർണത്തിന്റെ മൂല്യത്തിന്റെ 85 ശതമാനവും അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 80 ശതമാനവും 25 ലക്ഷത്തിന് മുകളിലുള്ള വായ്പകൾക്ക് 75 ശതമാനവുമാണ് അനുവദിക്കുന്നത്.
അതേസമയം, ബാങ്കുകളുടെ നോട്ടീസ് ലഭിച്ചാൽ ഉടൻ സ്വർണം ലേലം ചെയ്യുമെന്ന ആശങ്ക വേണ്ട. ലേലം നടത്തുന്നതിന് മുമ്പ് ബാങ്കുകൾ നിശ്ചിത നടപടികൾ പാലിക്കണം. ഉപഭോക്താവിന് നോട്ടീസ് നൽകുകയും പത്രങ്ങളിൽ പരസ്യം പ്രസിദ്ധീകരിക്കുകയും വേണം. എന്നാൽ വായ്പയുടെ പലിശയും തിരിച്ചടവും തുടർച്ചയായി മുടങ്ങിയാൽ സ്വർണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.
ഇന്ത്യൻ കുടുംബങ്ങളുടെ കൈവശം ഏകദേശം 30,000 ടൺ സ്വർണമുണ്ടെന്നാണ് സ്വർണ വ്യാപാര സംഘടനകളുടെ കണക്ക്. ഇതിൽ കേരളത്തിലെ കുടുംബങ്ങളുടെ കൈവശം ഏകദേശം 2,000 ടൺ സ്വർണമുണ്ടെന്നും കണക്കാക്കുന്നു. സ്വർണവില കുറഞ്ഞതോടെ കേരളത്തിലെ കുടുംബങ്ങളുടെ സ്വർണസമ്പത്തിന്റെ വിപണിമൂല്യത്തിൽ ഏകദേശം 9.57 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
സ്വർണത്തെ നിക്ഷേപമായി കാണുന്നവർക്കും പണയം വെച്ച് വായ്പ എടുത്തവർക്കും നിലവിലെ വിലയിടിവ് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. വരും ദിവസങ്ങളിൽ സ്വർണവില ഉയരുമോ താഴുമോ എന്നതും നിർണായകമാണ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളെ ആശ്രയിക്കുന്നതിനാൽ സ്വർണവിലയുടെ ഭാവി പ്രവചിക്കുക എളുപ്പമല്ല.


