തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1,02,920 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 12,865 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ മാത്രം സ്വർണവിലയിൽ നാല് തവണ മാറ്റം ഉണ്ടായത് ശ്രദ്ധേയമാണ്. രാവിലെ 1,02,680 രൂപയിലുണ്ടായിരുന്ന വില ഉച്ചയോടെ 99,480 രൂപയായി കുറഞ്ഞു. പിന്നീട് വൈകുന്നേരത്തോടെ 1,01,080 രൂപയായി ഉയർന്നു. രാത്രി വീണ്ടും വർധിച്ച് 1,05,080 രൂപയിലെത്തി.
ഇന്ന് വീണ്ടും വില കുറഞ്ഞതോടെ ഉപഭോക്താക്കൾക്ക് ആശ്വാസമായി. കഴിഞ്ഞ ജനുവരി 4ന് ശേഷം ആദ്യമായിയാണ് ഇന്നലെ സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തിയത്. കഴിഞ്ഞ ആഴ്ച സ്വർണവിലയിൽ ഉണ്ടായ കനത്ത ഇടിവ് സ്വർണാഭരണ വിപണിക്ക് ഉണർവ്വ് നൽകി. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം, അമേരിക്കയിൽ പലിശ നിരക്ക് കുറയില്ലെന്ന സൂചന എന്നിവയാണ് വില ഇടിയാൻ കാരണമായത്.
രാജ്യാന്തര വിപണിയിൽ കഴിഞ്ഞ ആഴ്ച സ്വർണവിലയിൽ വലിയ ഇടിവാണ് ഉണ്ടായത്. 43 വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിവാര ഇടിവായാണ് ഇത് വിലയിരുത്തുന്നത്. ഇതോടെ സംസ്ഥാനത്തെ ജുവലറികളിൽ സ്വർണം വാങ്ങാൻ ആളുകളുടെ തിരക്ക് വർധിച്ചതായും വ്യാപാരികൾ അറിയിച്ചു.






