തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 14,580 രൂപയായി. പവന് 320 രൂപ കുറഞ്ഞതോടെ വില 1,16,640 രൂപയായി. രാജ്യാന്തര വിപണിയിൽ സ്വർണവില ഇടിഞ്ഞതോടെയാണ് കേരളത്തിലും വില കുറയുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പവന് 6,480 രൂപയുടെ ഇടിവാണ് ഉണ്ടായത്. മേയ് 13ന് രേഖപ്പെടുത്തിയ 1,23,120 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില.
യുഎസ്- ഇറാൻ സമാധാന കരാർ വൈകുമെന്ന റിപ്പോർട്ടിനെ തുടർന്ന് ക്രൂഡ് ഓയിൽ വില ഉയർന്നിരുന്നു. ഇതോടെ ഡോളറിന്റെ ആവശ്യകത കൂടുകയും ഡോളർ സൂചിക 99.26ലേക്ക് ഉയരുകയും ചെയ്തു. ഇതാണ് സ്വർണവിലയെ ബാധിച്ചതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. അമേരിക്കയിൽ ഈ വർഷാവസാനം അടിസ്ഥാന പലിശ നിരക്ക് ഉയർത്താനിടയുണ്ടെന്ന റിപ്പോർട്ടുകളും സ്വർണവിലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. പലിശ നിരക്ക് ഉയർന്നാൽ നിക്ഷേപകർ സ്വർണത്തിൽ നിന്ന് യുഎസ് ബോണ്ടുകളിലേക്ക് മാറാൻ സാധ്യതയുള്ളതിനാൽ സ്വർണത്തിന്റെ ആവശ്യകത കുറയുമെന്നും വില വീണ്ടും താഴാനിടയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.






