തിരുവനന്തപുരം: തൃശൂർ കടമ്പോട് പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന അനോഷിന്റെ മുഴുവൻ ചികിത്സാചെലവും സർക്കാർ ഏറ്റെടുക്കും. കഴിഞ്ഞ 18-ാം തീയതി രാത്രി, സഹോദരൻ ആൽജോയോടൊപ്പം വീട്ടിലെ ഹാളിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അനോഷിന് പാമ്പുകടിയേറ്റത്. ഗുരുതരാവസ്ഥയിലായിരുന്ന ആൽജോ ആശുപത്രിയിൽ വെച്ച് മരിച്ചു. അനോഷ് നിലവിൽ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്.
കുട്ടിയുടെ കൈവെള്ളയിലാണ് കടിയേറ്റത്. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ കുട്ടികൾക്ക് വയറുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടെങ്കിലും, അത് ഭക്ഷ്യവിഷബാധയാകാമെന്ന് കരുതി വീട്ടുകാർ ഉലുവ വെള്ളം നൽകി വീണ്ടും ഉറക്കിക്കളഞ്ഞു. എന്നാൽ രാവിലെ അവസ്ഥ മോശമാകുകയും വായിൽ നിന്ന് പത വരികയും ചെയ്തതോടെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ആൽജോയുടെ ചുണ്ടിലും അനോഷിന്റെ കൈവെള്ളയിലും പാമ്പുകടിയേറ്റ പാടുകൾ കണ്ടെത്തിയത്.
തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ കുട്ടികൾ കിടന്ന തലയണയ്ക്കടിയിൽ നിന്ന് വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടെത്തി. ഈ വിവരം ഉടൻ തന്നെ ഡോക്ടർമാരെ അറിയിച്ചതോടെ ശരിയായ ആന്റിവെനം നൽകാൻ സാധിച്ചു. നിലവിൽ അനോഷിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടി സ്വയം ശ്വസിക്കാൻ തുടങ്ങിയത് മൂലം ബുധനാഴ്ച ഉച്ചയോടെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയെങ്കിലും, നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.




