അബുദാബി: ഇറാനും മേഖലയിലെ മറ്റു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പഴയപടിയിലേക്ക് കൊണ്ടുവരുന്നത് എളുപ്പമല്ലെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. തകർന്ന വിശ്വാസം വീണ്ടെടുക്കാൻ ദീർഘകാലം വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ റിലേഷൻസ് സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതും വിശ്വാസം വീണ്ടെടുക്കുന്നതും രണ്ടായി കാണേണ്ട കാര്യങ്ങളാണെന്നും ഗർഗാഷ് പറഞ്ഞു.
ഏഴ് ആഴ്ച നീണ്ടുനിന്ന സംഘർഷകാലത്ത് യുഎഇയ്ക്ക് വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായും അദ്ദേഹം അറിയിച്ചു. ഈ സമയത്ത് ഇറാൻ ഏകദേശം 2,800 മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചതായാണ് കണക്കുകൾ. ഇതിൽ 90 ശതമാനവും ജനവാസ പ്രദേശങ്ങളെയും ഊർജ്ജ കേന്ദ്രങ്ങളെയുമാണ് ലക്ഷ്യം വെച്ചതെന്നും അദ്ദേഹം ആരോപിച്ചു. സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യം വെച്ചതെന്ന ഇറാന്റെ വാദം അദ്ദേഹം തള്ളി.




