മസ്കത്ത്: ഗൾഫ് രാജ്യങ്ങളിൽ വേനൽക്കാലം കടുക്കുന്നു. ഒമാനിൽ പല ഭാഗങ്ങളിലും താപനില 50 ഡിഗ്രി സെൽഷ്യസിനോട് അടുത്താണ്. ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ട ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് അൽ വുസ്ത ഗവർണറേറ്റിലെ ‘ഫഹൂദിലാണ്’. 49.1ºC ചൂടാണ് ഇവിടെ രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിലും മരുഭൂമി മേഖലകളിലും കടുത്ത വേനൽ സാഹചര്യമാണ് നിലവിലുള്ളത്. ഭൂരിഭാഗം പ്രദേശങ്ങളിലും താപനില 45 ºCനും മുകളിലാണ്.
വിവിധ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം വിവിധ ഗവർണറേറ്റുകളിൽ അനുഭവപ്പെട്ട ഉയർന്ന താപനിലയും സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ടു. ഹംറ അൽ ദുറൂഇൽ 48.5°C, ഉമ്മുൽ സമായീമിൽ 48.4°C, അൽ മുദൈബിയിൽ 48.0°C എന്നിങ്ങനെ രേഖപ്പെടുത്തി. ദിമ വത്വാഈൻ 47.5°C, ഇബ്രി 47.4°C, മുഖ്ഷിൻ-നിസ്‌വ 47.1°C, അൽ റുസ്താഖ് 47.0°C, അൽ സുനൈന-ഹൈമ 46.9°C എന്നിങ്ങനെയും ചൂട് അനുഭവപ്പെട്ടു.






