തൃശ്ശൂർ: ഗുരുവായൂർ ദേവസ്വം ചെയർമാൻ പ്രൊഫസർ വി കെ വിജയൻ രാജിവെച്ചു. മന്ത്രി വിഎൻ വാസവന് വി കെ വിജയൻ രാജി സമർപ്പിച്ചു. എ വി ഗോപിനാഥനെ ചെയർമാനായി നിയമിക്കാനാണ് രാജി. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നത് മുൻകൂട്ടി കൊണ്ടാണ് വിജയനിൽ നിന്ന് നേരത്തെ രാജി വാങ്ങിയത്. ഈ മാസം 14നാണ് ചെയർമാന്റെ കാലാവധി അവസാനിക്കുന്നത്.
സിപിഎം നടത്തിയ അനുനയ നീക്കത്തിന്റെ ഭാഗമായാണ് എ വി ഗോപിനാഥിനെ ഗുരുവായൂർ ദേവസ്വം ചെയർമാൻ ആയി നിയമിക്കുന്നത്. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിലെ മുൻ കോൺഗ്രസ് നേതാവ് ആണ് എ വി ഗോപിനാഥ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ചിട്ടും തന്നെ തോൽപ്പിച്ചതിന് പിന്നിൽ സിപിഎമ്മിലെ ചില നേതാക്കളാണെന്ന് എ വി ഗോപിനാഥ് തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെ എ വി ഗോപിനാഥിനെ അനുനയിപ്പിപ്പിക്കാൻ സിപിഎം നീക്കം നടത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് അനുനയ നീക്കം നടത്തിയത്. പാലക്കാട് എത്തിയ മുഖ്യമന്ത്രിയുമായി എ വി ഗോപിനാഥ് ചർച്ച നടത്തിയിരുന്നു. പ്രശ്നപരിഹാരത്തിൻ്റെ ഭാഗമായാണ് എവി ഗോപിനാഥിനെ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി നിയമിക്കാനുള്ള തീരുമാനമുണ്ടായത്.



