“എന്റെ ബാറ്റിങ് മെച്ചപ്പെടുത്താൻ ഹിമാൻഷു ഭയ്യ ഒരുപാട് കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഇന്നത്തെ പ്രകടനം പൂർണമായും അദ്ദേഹത്തിനുള്ളതാണ്. കൂടുതൽ സ്വാതന്ത്ര്യത്തോടെ ബാറ്റ് ചെയ്യാൻ എനിക്ക് കഴിഞ്ഞു…” വാക്കുകൾ പൂർത്തിയാക്കാനാകാതെ മൈക്ക് മാറ്റിവെച്ച് വിതുമ്പിക്കൊണ്ട് ക്യാമറ ഫ്രെയിമിന് പുറത്തേക്ക് നടന്നുപോയ ഹർമൻപ്രീത് കൗർ. ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ കരുത്തുറ്റ പോരാളിയുടെ ആ കണ്ണുനീർ ഒരു ഇന്നിങ്സിന്റെ സന്തോഷം മാത്രമായിരുന്നില്ല, നീണ്ടുനിന്ന സമ്മർദങ്ങളോടും വിമർശനങ്ങളോടുമുള്ള മറുപടി കൂടിയായിരുന്നു.
ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിൽ മാനസികമായി ഇത്രത്തോളം കരുത്തുള്ള താരങ്ങളെ കണ്ടെത്തുക പ്രയാസമാണ്. ലോകകപ്പ് വിജയരാത്രിയിലൊഴികെ ഹർമനെ ഇത്രയധികം വൈകാരികമായി കണ്ട സന്ദർഭങ്ങൾ വിരളമായിരിക്കും. റായ്പൂരിലെ ആ രാത്രി ഹർമന് അത്രമേൽ പ്രിയപ്പെട്ടതാകാൻ കാരണവുമുണ്ട്. വിമർശനങ്ങളുടെ നടുവിൽനിന്ന് തന്റെ ബാറ്റിന്റെ കരുത്തിൽ തിരിച്ചെത്തിയിരിക്കുകയാണ് ഇന്ത്യൻ താരം.
സമീപകാലത്തെ മോശം പ്രകടനങ്ങൾ ഹർമൻപ്രീതിന്റെ കരിയറിനെ വലിയ സമ്മർദത്തിലാക്കിയിരുന്നു. വനിതാ ഏഷ്യാ കപ്പിൽ ആകെ നേടാനായത് 71 റൺസ് മാത്രം. സ്ട്രൈക്ക് റേറ്റ് 91. സ്മൃതി മന്ദാനയും ഷെഫാലി വർമയും റൺവേട്ടയിൽ മുന്നേറിയപ്പോൾ ഹർമന്റെ ബാറ്റിങ് മങ്ങിനിന്നു. അവസാന പത്ത് മത്സരങ്ങളിൽ അർധസെഞ്ചുറി പോലും നേടാനാകാത്തതും തിരിച്ചടിയായി.
ഇതിനിടെ ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം സ്മൃതി മന്ദാനയ്ക്ക് കൈമാറേണ്ടിവന്നതും ഹർമന്റെ കരിയറിലെ നിർണായക വഴിത്തിരിവായി. ടീമിലെ സ്ഥാനത്തെച്ചൊല്ലി ചോദ്യങ്ങൾ ഉയർന്നുതുടങ്ങിയിരുന്നു. റൺസ് കണ്ടെത്തിയാൽ മാത്രമേ ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ കഴിയൂ എന്ന യാഥാർഥ്യം ഹർമന് മുന്നിലുമെത്തി.
സിംബാബ്‌വെ പരമ്പരയിലൂടെ തിരിച്ചുവരാമെന്ന പ്രതീക്ഷയിലായിരുന്നു താരം. എന്നാൽ ആദ്യ ടി20യിൽ നാല് പന്തിൽ ഒരു റൺസ് മാത്രമാണ് നേടിയത്. രണ്ടാം മത്സരത്തിൽ ബാറ്റിങ്ങിന് അവസരവും ലഭിച്ചില്ല. മറ്റൊരു പരാജയം കൂടി സംഭവിച്ചാൽ അത് കരിയറിന് വലിയ തിരിച്ചടിയാകുമെന്ന സമ്മർദം നിലനിൽക്കെയാണ് റായ്പൂരിൽ ഹർമൻ ക്രീസിലെത്തിയത്.
68 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ ഇന്ത്യ നിൽക്കുമ്പോഴായിരുന്നു ഹർമന്റെ വരവ്. ടി20യിൽ പതിഞ്ഞ തുടക്കങ്ങൾക്കുശേഷം വേഗം കൂട്ടാൻ കഴിയാത്തതാണ് അടുത്തകാലത്ത് താരത്തിനെതിരെ ഉയർന്ന പ്രധാന വിമർശനം. റായ്പൂരിലും തുടക്കം വലിയ വ്യത്യസ്തമായിരുന്നില്ല.
നേരിട്ട രണ്ടാം പന്തിൽ ബൗണ്ടറി നേടിയെങ്കിലും പിന്നീട് അഞ്ച് ഓവറോളം ബാറ്റ് നിശ്ശബ്ദമായി. 11 പന്തിൽ 11 റൺസ് എന്ന നിലയിലായിരുന്നു ഹർമൻ. എന്നാൽ 14-ാം ഓവറിൽ ചിത്രം മാറി. കുദ്സായി ചിഗോരയെ ബൗണ്ടറിയോടെ നേരിട്ട താരം ആ ഓവറിൽ രണ്ട് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 20 റൺസ് അടിച്ചെടുത്തു.
തുടർന്ന് സിബാന്ദയുടെ ഫുൾ ലെങ്ത് പന്തുകളെയും അതിർത്തി കടത്തിയ ഹർമൻ അതിവേഗം സ്കോർ ഉയർത്തി. 11 പന്തിൽ 11 റൺസുമായി നിന്ന താരം 25 പന്തിൽ അർധസെഞ്ചുറിയിലെത്തി. പതിഞ്ഞ തുടക്കത്തിൽനിന്ന് ആക്രമണോത്സുക ബാറ്റിങ്ങിലേക്കുള്ള മാറ്റം ഹർമന്റെ ക്ലാസും അനുഭവസമ്പത്തും ഒരിക്കൽക്കൂടി തെളിയിച്ചു.
ഇന്ത്യൻ മധ്യനിര വീണ്ടും തകർന്നടിഞ്ഞപ്പോഴാണ് ഹർമന്റെ ഇന്നിങ്സിന്റെ പ്രാധാന്യം വ്യക്തമായത്. റിച്ച ഘോഷ്, ദീപ്തി ശർമ, അരുന്ധതി റെഡ്ഡി തുടങ്ങിയവർക്ക് കാര്യമായ സംഭാവന നൽകാനായില്ല. ഷെഫാലി പുറത്താകുമ്പോൾ ഇന്ത്യയുടെ സ്കോർ 152 റൺസായിരുന്നു. അപ്പോഴും ഹർമൻ 36 റൺസുമായി ക്രീസിലുണ്ടായിരുന്നു.
പിന്നീട് ഇന്ത്യയുടെ സ്കോറിലേക്ക് കൂട്ടിച്ചേർത്ത 65 റൺസിൽ 55 റൺസും ഹർമന്റെ ബാറ്റിൽനിന്നായിരുന്നു. അവസാന നാല് ഓവറിൽ നേരിട്ട 16 പന്തുകളിൽനിന്ന് 41 റൺസാണ് താരം അടിച്ചെടുത്തത്. ബാറ്റിങ്ങിന്റെ അവസാന ഘട്ടത്തിൽ ഹർമൻ നടത്തിയ ആക്രമണം ഇന്ത്യൻ സ്കോറിന് നിർണായകമായി.
ആകെ 41 പന്തിൽ 91 റൺസ്. പത്ത് ഫോറും അഞ്ച് സിക്സും. നിർണായക ഘട്ടത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് ടീമിനെ മുന്നോട്ടുനയിച്ച ഹർമൻപ്രീത് കൗർ കളിയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.
ഇനി സമ്മർദമല്ല, ക്രിക്കറ്റ് ആസ്വദിക്കണം
ഈ ഇന്നിങ്സ് ഒരു മികച്ച സ്കോർ മാത്രമായിരുന്നില്ല. മോശം ഫോമിന്റെയും വിമർശനങ്ങളുടെയും സമ്മർദത്തിന്റെയും നടുവിൽനിന്നുള്ള ഹർമന്റെ തിരിച്ചുവരവിന്റെ അടയാളം കൂടിയായിരുന്നു. ബാറ്റിങ്ങിലെ മാറ്റത്തിന് പിന്നിൽ ഹിമാൻഷു ഭയ്യയുടെ കഠിനാധ്വാനമുണ്ടെന്ന് തുറന്നുപറഞ്ഞ താരം, കൂടുതൽ സ്വാതന്ത്ര്യത്തോടെ കളിക്കാനായെന്നും വ്യക്തമാക്കി.
ഇനി സമ്മർദങ്ങൾക്ക് കീഴടങ്ങാതെ ക്രിക്കറ്റ് ആസ്വദിക്കുക എന്നതാണ് ലക്ഷ്യമെന്ന ഹർമന്റെ വാക്കുകൾക്ക് റായ്പൂരിലെ ഇന്നിങ്സ് കൂടുതൽ അർഥം നൽകുന്നു. തന്റെ ബാറ്റുകൊണ്ട് മറുപടി നൽകിയ ഹർമൻപ്രീത് കൗർ ഇന്ത്യൻ ടീമിൽ താൻ ഇനിയും നിർണായക സാന്നിധ്യമായി തുടരുമെന്ന സൂചനയാണ് ഈ പ്രകടനത്തിലൂടെ നൽകിയത്.




