ഡാലസ്: ലോകകപ്പിൽ ആദ്യ മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. നായകൻ ഹാരി കെയ്ന്റെ ഇരട്ടഗോളിന്റെ മികവിൽ 4-2 നാണ് ഇംഗ്ലീഷ് പടയുടെ ജയം. ബില്ലിങ്‌ഹാമും റാഷ്‌ഫോർഡുമാണ് ഇംഗ്ലണ്ടിന്റെ മറ്റ് ഗോളുകൾ സ്കോർ ചെയ്തത്. മാർട്ടിൻ ബട്ടുറീന, പെറ്റാർ മൂസ എന്നിവരാണ് ക്രൊയേഷ്യക്കായി വല കുലുക്കിയത്. മത്സരത്തിൽ നേടിയ രണ്ട് ഗോളുകളോടെ ഇംഗ്ലണ്ടിന്റെ ലോകകപ്പിലെ എക്കാലത്തെയും ടോപ് സ്‌കോറർ റെക്കോർഡിനൊപ്പമെത്തി ഹാരി കെയ്ൻ.
മത്സരത്തിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയത് ഇംഗ്ലണ്ടായിരുന്നു. അതിന്റെ ഫലമായി 12ാം മിനിറ്റിൽ ഇംഗ്ലണ്ടിന് അനുകൂലമായി പെനാൽറ്റി ലഭിക്കുകയും ചെയ്തു. എന്നാൽ ഹാരി കേയനെടുത്ത പെനാൽറ്റി ആദ്യം ക്രൊയേഷ്യൻ കീപ്പർ ലീവാക്കോവിച്ച് സേവ് ചെയ്യുകയായിരുന്നു. എന്നാൽ പിന്നാലെ വാർ പരിശോധനക്ക് ശേഷം റഫറി റീടേക്ക് എടുക്കാൻ വിധിച്ചു. രണ്ടാം തവണ പിഴച്ചില്ല. ജൂൺ 24ന് ഘാനക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. പനാമയാണ് ഘാനയുടെ അടുത്ത എതിരാളി.






