കണ്ണൂർ: പൊലീസ് കസ്റ്റഡിയിലും സർക്കാരിനെതിരെ വിമർശനം തുടർന്ന് അർജുൻ ആയങ്കി. കടലിൽ കാണാതായവരെ കിട്ടിയോ എന്നായിരുന്നു അർജുൻ ആയങ്കി ചോദിച്ചത്. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി തിരികെ കൊണ്ടുവരുമ്പോഴായിരുന്നു അർജുന്റെ പരിഹാസം. ഒപ്പം സ്‌റ്റേഷനിൽ സ്വാഭാവികമായി പത്രവായനയിൽ മുഴുകുകയും ഇയാൾ ചെയ്തു.
അർജുൻ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടിയെന്നും, അറസ്റ്റു ചെയ്യാൻ സാധിച്ചത് പൊലീസിന്റെ കൂട്ടായ പരിശ്രമം കൊണ്ടാണെന്നും കണ്ണൂർ പൊലീസ് കമ്മീഷണർ ബി വി വിജയ് ഭരത് റെഡ്ഡി വ്യക്തമാക്കി. അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കണ്ണൂർ പനങ്കാവിലാണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെയാണ് കണ്ണൂർ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയത്.
കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ അപ്പാർട്ട്‌മെന്റിലെത്തിയപ്പോഴാണ് അർജുൻ ആയങ്കിയ്ക്ക് പിടി വീണത്. പുലർച്ചെ രണ്ട് മണിയോടെയാണ് ഫ്‌ലാറ്റ് വളഞ്ഞ് പൊലീസ് അർജുൻ ആയങ്കിയെ പിടികൂടുന്നത്. അപ്പാർട്ട്‌മെന്റിന്റെ എല്ലാ പ്രധാന വഴികളും രഹസ്യമായി ബന്തവസ്സ് ആക്കിയശേഷമായിരുന്നു പൊലീസിന്റെ ഓപ്പറേഷൻ. പൊലീസ് സാന്നിധ്യം മനസ്സിലാക്കിയ അർജുൻ ആയങ്കി പിന്നിലൂടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വളഞ്ഞ പൊലീസ് സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു.




