തിരുവനന്തപുരം: പ്രണയ വിവാഹത്തിൽ നിന്നും പിന്മാറാത്തതിൽ യുവതിക്ക് നേരെ അതിക്രമം. മണ്ണന്തല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അതിക്രമം. യുവതിക്ക് നേരെ മർദ്ദനവും ലൈംഗിക അതിക്രമവും നടന്നതായിയാണ് പരാതി. സംഭവത്തിൽ യുവാവിന്റെ ബന്ധുക്കൾ ഉൾപ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഈ മാസം 19-നാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. പ്രണയവിവാഹത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് ആക്രമണമെന്നാണ് യുവതിയുടെ ആരോപണം. യുവാവിന്റെ അമ്മ, അമ്മയുടെ സഹോദരൻ, മുത്തശ്ശൻ, മുത്തശ്ശി എന്നിവർ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് യുവതി മൊഴി നൽകി.
യുവതി സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തിയ ശേഷം പുറത്തേക്ക് വലിച്ചിറക്കി മർദ്ദിക്കുകയും ലൈംഗികമായി അതിക്രമിക്കുകയും ചെയ്തതായാണ് പരാതി. യുവതിയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവൻ സ്വർണമാലയും പണവും സംഘം തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.
സംഭവത്തിൽ കേരള പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തിട്ടുണ്ടെന്നും തുടർനടപടികൾ പുരോഗമിക്കുകയാണെന്നും മണ്ണന്തല പൊലീസ് അറിയിച്ചു.






