ജയ്പൂര്‍: രാജസ്ഥാനില്‍ പല ഭാഗങ്ങളിലായി ഉണ്ടായ കനത്ത മഴയില്‍ രണ്ട് മരണം. വെള്ളക്കെട്ടില്‍ നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. സംസ്ഥാനത്തിന്റെ കിഴക്കന്‍ ഭാഗങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. കോട്ട, സവായ് മധോപൂര്‍, ടോങ്ക്, ബുണ്ടി എന്നീ എട്ട് ജില്ലകളില്‍ വെള്ളപ്പൊക്കമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബുണ്ടിയിലെ നൈന്‍വയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.
ബുണ്ടിയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തില്‍ 50 വയസ്സുള്ള സ്ത്രീയും കൃഷിയിടത്തിലെ ഷെഡിന്റെ മതില് തകര്‍ന്ന് 65 വയസ്സുള്ള സ്ത്രീയുമാണ് മരിച്ചത്. സവായ് മധോപൂരില്‍ 30 ലധികം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായതായും പ്രധാന നഗരത്തില്‍ നിന്ന് ഒറ്റപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. തുടര്‍ച്ചയായ മഴയും സുര്‍വാള്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നതും വെള്ളപ്പൊക്കത്തിനിടയാക്കി.
സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ സേന (NDRF), സംസ്ഥാന ദുരന്ത നിവാരണ സേന (SDRF) കൂടാതെ സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്. വ്യോമസേനയെയും രക്ഷാപ്രവര്‍ത്തനത്തിനായി സജ്ജരാക്കിയിട്ടുണ്ട്.






