തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത.
നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മുറാസു ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച സാഹചര്യത്തിൽ അയൽസംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപത്തെ പടിഞ്ഞാറൻ മധ്യബംഗാൾ ഉൾക്കടലിലുമായി സ്ഥിതി ചെയ്യുന്ന മുറാസു അതിതീവ്ര ചുഴലിക്കാറ്റായി മാറിയിട്ടുണ്ട്. മണിക്കൂറിൽ 115 കിലോമീറ്ററോളം വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.


