അടിസ്ഥാനസൗകര്യ വികസന സുപ്രധാന കുതിപ്പുമായി ഇന്ത്യ. ചൈനയിലും ജപ്പാനിലും യൂറോപ്യൻ രാജ്യങ്ങളിലുമെല്ലാം കണ്ട് കണ്ണ് മിഴിച്ചിരുന്ന കാലം കഴിഞ്ഞു, ഇന്ത്യൻ മണ്ണിലൂടേയും ഇനി ബുള്ളറ്റ് ട്രെയിനുകൾ കുതിച്ച് പായും. മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ കോറിഡോറില്‍ രാജ്യത്തെ ആദ്യത്തെ ഹൈ-സ്പീഡ് ‘ബുള്ളറ്റ് ട്രെയിന്‍’ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ബംഗളൂരുവിലെ ബിഇഎംഎല്‍ ആദിത്യ പ്ലാന്റിലാണ് ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. വിദേശ സാങ്കേതികവിദ്യകള്‍ ആശ്രയിക്കാതെ പൂര്‍ണ്ണമായും തദ്ദേശീയമായാണ് ഇത് നിര്‍മ്മിക്കുന്നത് എന്നതും രാജ്യത്തിന് അഭിമാനിക്കാവുന്ന കാര്യമാണ്.
വിദേശ സാങ്കേതികവിദ്യയെമാത്രം ആശ്രയിക്കുന്ന രീതിയിൽനിന്ന് മാറി, രാജ്യത്തെ കാലാവസ്ഥയ്ക്കും പ്രവർത്തന സാഹചര്യങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് ഇന്ത്യൻ എഞ്ചിനീയർമാർ ഈ ട്രെയിൻ രൂപകല്പന ചെയ്തിരിക്കുന്നത് എന്ന് എടുത്ത് പറയാം. ഇതാ നമ്മുടെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ കൂടുതൽ വിശേഷങ്ങൾ.
പരമാവധി മണിക്കൂറിൽ 280 കി.മീ ടെസ്റ്റ് വേഗതയും 249 കിലോ മീറ്റർ പ്രവര്‍ത്തന വേഗത കൈവരിക്കാന്‍ തക്കവണ്ണമാണ് ട്രെയിനിന്റെ രൂപകല്‍പന. നാല് മോട്ടോർ കാറുകളും നാല് ട്രെയിലർ കാറുകളും ഉൾപ്പെടെ എട്ട് കോച്ചുകളുള്ള തീവണ്ടിക്ക് ആകെ 202 മീറ്റർ നീളമുണ്ടാകും. രണ്ട് ഭിന്നശേഷി സൗഹൃദ സീറ്റുകൾ ഉൾപ്പെടെ ആകെ 557 യാത്രക്കാർക്ക് ഈ തീവണ്ടിയിൽ യാത്ര ചെയ്യാം. ഏഴ് സ്റ്റാന്‍ഡേര്‍ഡ് ക്ലാസ് കോച്ചുകളും ഒരു എക്‌സിക്യൂട്ടീവ് ക്ലാസ് കോച്ചും ആധുനിക യാത്രാ സൗകര്യങ്ങളും ഭിന്നശേഷി സൗഹൃദ സംവിധാനങ്ങളും നൂതനമായ ഓണ്‍ബോര്‍ഡ് സാങ്കേതികവിദ്യകളും ഇതില്‍ ഉണ്ട്.
യാത്രക്കാര്‍ക്ക് പരമാവധി സുഖസൗകര്യങ്ങള്‍ ഉറപ്പാക്കുന്ന രീതിയിലാണ് ഈ ട്രെയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബി28 ട്രെയിനില്‍ നാല് മോട്ടോര്‍ കാറുകളും നാല് ട്രെയിലര്‍ കാറുകളും അടങ്ങുന്ന എട്ട് കോച്ചുകളാണുള്ളത്. ട്രെയിനില്‍ 3ഃ2 സീറ്റിങ് ക്രമീകരണമുള്ള ഏഴ് സ്റ്റാന്‍ഡേര്‍ഡ് ക്ലാസ് കോച്ചുകളും 2ഃ2 സീറ്റിങ് സൗകര്യമുള്ള ഒരു എക്‌സിക്യൂട്ടീവ് ക്ലാസ് കോച്ചുമുണ്ട്. ഭിന്നശേഷിക്കാര്‍ക്കായി നീക്കിവെച്ചിരിക്കുന്ന രണ്ട് പ്രത്യേക സീറ്റുകള്‍ ഉള്‍പ്പെടെ ഏകദേശം 557 യാത്രക്കാരെ ഇതില്‍ ഉള്‍ക്കൊള്ളാനാകും.ഭാവിയിലെ യാത്രാ ആവശ്യകതകള്‍ കണക്കിലെടുത്ത് എട്ട് കോച്ചുകളുള്ള രണ്ട് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിച്ചേര്‍ത്ത് 16 കോച്ചുകളുടെ ട്രെയിനാക്കി മാറ്റാനുള്ള സംവിധാനവും ഇതിലുണ്ട്. ട്രെയിനിന്റെ രണ്ട് അറ്റത്തും ഇന്റലിജന്റ് ഓണ്‍-ബോര്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം ഘടിപ്പിച്ച ഡ്രൈവര്‍ കാബിന്‍ ഉണ്ട്. കൃത്യമായ തീരുമാനങ്ങള്‍ എടുക്കുന്നതിനും ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററുമായി ഏകോപനം സാധ്യമാക്കുകയും ചെയ്യും. യാത്രക്കാരുടെ സൗകര്യങ്ങൾ മുൻനിർത്തി, വിശാലമായ സീറ്റുകളും കാൽ നീട്ടിയിരിക്കാൻ ആവശ്യമായ സ്ഥലവും ഉൾപ്പെടുത്തിയാണ് ഇൻ്റീരിയർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
യാത്രയിലുടനീളം വിവരങ്ങള്‍ ലഭ്യമാക്കാന്‍ സമഗ്രമായ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ബി28 ട്രെയിനില്‍ ഉണ്ടാകും. കോച്ചുകള്‍ക്കുള്ളിലെ എല്‍.സി.ഡി സ്‌ക്രീനുകള്‍ ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകളില്‍ വിവരങ്ങള്‍ നല്‍കും. പബ്ലിക് അനൗണ്‍സ്‌മെന്റ്, ഓട്ടോമാറ്റിക് അനൗണ്‍സ്‌മെന്റ് സിസ്റ്റങ്ങള്‍ വഴി ശബ്ദ സന്ദേശങ്ങളും ലഭ്യമാകും. അടിയന്തര ഘട്ടങ്ങളില്‍ ട്രെയിന്‍ ജീവനക്കാരുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ പാസഞ്ചര്‍ ക്യാബിനുകളിലും വെസ്റ്റിബ്യൂളുകളിലും എമര്‍ജന്‍സി ടോക്ക്-ബാക്ക് യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, വൈഫൈ അടിസ്ഥാനമാക്കിയുള്ള പാസഞ്ചര്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം വഴി യാത്രക്കാര്‍ക്ക് യാത്രയിലുടനീളം നേരത്തെ ലോഡ് ചെയ്ത വിനോദ പരിപാടികള്‍ ആസ്വദിക്കാനാകും. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനായി ആധുനിക ബയോ ഡൈജസ്റ്റര്‍ ടോയ്ലറ്റുകളാണ് ട്രെയിനില്‍ ക്രമീകരിച്ചിരിക്കുന്നത്.
ശക്തമായ 25 kV AC ഓവര്‍ഹെഡ് ഇലക്ട്രിക്കല്‍ സിസ്റ്റത്തിലാണ് ട്രെയിന്‍ പ്രവര്‍ത്തിക്കുന്നത്. ഊര്‍ജ്ജ സംരക്ഷണത്തിനായി, ട്രെയിന്‍ വേഗത കുറയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജ്ജം വീണ്ടെടുത്ത് ഇലക്ട്രിക്കല്‍ ഗ്രിഡിലേക്ക് തിരികെ നല്‍കുന്ന സ്മാര്‍ട്ട് റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം ഇതില്‍ ഉപയോഗിക്കുന്നു. കമ്പ്യൂട്ടേഷണല്‍ ഫ്‌ലൂയിഡ് ഡൈനാമിക്‌സ് സിമുലേഷനുകള്‍ ഉപയോഗിച്ച് ബി28 ട്രെയിനിന്റെ മുന്‍ഭാഗവും ബോഡി പ്രൊഫൈലും വായുപ്രവാഹത്തിന് അനുയോജ്യമായ രീതിയില്‍ ഒപ്റ്റിമൈസ് ചെയ്തിരിക്കുന്നു. അതിവേഗ ഓട്ടത്തിനിടയിലെ കാറ്റിന്റെ പ്രതിരോധം കുറയ്ക്കാനും, ടണലുകളിലെ എയര്‍ പ്രഷര്‍ തരംഗങ്ങളും സോണിക് ബൂമും തടയാനും വായുസംക്ഷോഭം കുറയ്ക്കാനുമാണ് ഈ ഏറോഡൈനാമിക് ഡിസൈന്‍ ലക്ഷ്യമിടുന്നത്. അതായത്, കാറ്റിന്റെ പ്രതിരോധം കുറയ്ക്കുന്നതിനായി ആധുനിക കമ്പ്യൂട്ടർ സിമുലേഷനുകൾ ഉപയോഗിച്ചാണ് ട്രെയിനിന്റെ എയറോഡൈനാമിക് രൂപം ഡിസൈൻ ചെയ്തിരിക്കുന്നത്.
എല്ലാവര്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാനാകും വിധമാണ് ട്രെയിന്‍ തയ്യാറാക്കിയിരിക്കുന്നത്. പ്ലാറ്റ്ഫോം ഉയരത്തിന് തുല്യമായ ഫ്‌ലോര്‍ ലെവലും, പ്ലാറ്റ്ഫോമും ട്രെയിനും തമ്മിലുള്ള അകലം കുറയ്ക്കുന്നതിനായി ഡോറുകളോട് ചേര്‍ന്നുള്ള ഓട്ടോമാറ്റിക് സ്റ്റെപ്പുകളും ഇതിലുണ്ട്. എല്ലാ കാലാവസ്ഥയിലും സുഖകരമായ യാത്ര ഉറപ്പാക്കാന്‍, താപനിലയും ഈര്‍പ്പവും നിയന്ത്രിക്കുന്ന ഡ്യുവല്‍ യൂണിറ്റ് എച്ച്‌വി എസി സംവിധാനം ഓരോ കോച്ചിലും ഉണ്ടാകും. ശബ്ദശല്യം കുറയ്ക്കുന്നതിനായി, കോച്ചിന്റെ ബോഡിയിലും ഫ്‌ലോറിലും പ്രത്യേക സൗണ്ട് ഇന്‍സുലേഷനും നോയിസ് ഡാമ്പിങ് കോട്ടിങുകളും ഉപയോഗിച്ചിട്ടുണ്ട്. എന്തായാലും ഇത് ഇന്ത്യയുടെ ഗതാഗത സൗകര്യ വികസനത്തിലെ ഒരു നാഴികകല്ലാണ്. വരും നാളുകളിൽ നമ്മുടെ കേരളത്തിലേക്കും ഒരു ബുള്ളറ്റ് ട്രെയിൻ കൂകിയെത്തും എന്ന് പ്രതീക്ഷിക്കാം.



