ന്യൂഡൽഹി: രാംലീല മൈതാനിയിലെ റാലിക്ക് പിന്നാലെ എസ്ഐആർ വിഷയത്തിൽ തുടർസമര പരിപാടികൾ ആസൂത്രണം ചെയ്യാൻ കോൺഗ്രസ്. ഇന്ത്യാ സഖ്യത്തിലെ കക്ഷികളുമായി ആലോചിച്ചായിരിക്കും അടുത്ത നീക്കങ്ങൾ തീരുമാനിക്കുക. സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രതിഷേധം തുടരുന്നതിനൊപ്പം നിയമപോരാട്ടവും ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
എസ്ഐആർ വിഷയത്തിൽ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം തുടരാനാണ് കോൺഗ്രസിന്റെ നീക്കം. വരും ദിവസങ്ങളിൽ സഖ്യകക്ഷികളുമായി ചർച്ച നടത്തി സമരത്തിന്റെ അടുത്ത ഘട്ടം തീരുമാനിക്കും. തൽക്കാലം ഡൽഹി കേന്ദ്രീകരിച്ചുള്ള പ്രതിഷേധങ്ങൾക്ക് സാധ്യതയില്ല. പാർലമെന്റ് സമ്മേളനത്തോടെ സമരം കൂടുതൽ ശക്തമാക്കാനും ആലോചനയുണ്ട്.
അതേസമയം, രാംലീല മൈതാനിയിലെ റാലിയിൽ ആവശ്യത്തിന് ആളുകളെ എത്തിക്കാൻ ഇന്ത്യാ സഖ്യത്തിന് കഴിഞ്ഞില്ലെന്നാണ് ബിജെപിയുടെ വിമർശനം. മൈതാനത്തിന്റെ പിൻഭാഗത്ത് ഒഴിഞ്ഞുകിടന്ന കസേരകളുടെ ദൃശ്യങ്ങൾ പങ്കുവെച്ചാണ് ബിജെപി നേതാക്കൾ വിമർശനം ഉന്നയിച്ചത്. മൈതാനം നിറഞ്ഞതായി പ്രചരിപ്പിച്ച ചിത്രം എഐ ഉപയോഗിച്ച് നിർമിച്ചതാണെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു ആരോപിച്ചു.
ഇന്ത്യാ സഖ്യം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് രാജ്യവ്യാപകമായി കൂടുതൽ പദയാത്രകൾ നടത്താനാണ് ബിജെപിയുടെ തീരുമാനം. മുതിർന്ന നേതാക്കൾ വിവിധ സംസ്ഥാനങ്ങളിൽ പദയാത്രകൾക്ക് നേതൃത്വം നൽകും. ഹരിയാനയിൽ അമിത് ഷായും ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥും യാത്ര നയിക്കും. ബിജെപി ദേശീയ അധ്യക്ഷൻ ബിഹാറിലും പശ്ചിമ ബംഗാളിലും ഹിമന്ത ബിശ്വ ശർമ്മ ഹിമാചലിലും പദയാത്രയ്ക്ക് നേതൃത്വം നൽകും.
അതിനിടെ, രാംലീല റാലിയെച്ചൊല്ലി ഡൽഹിയിലെ വ്യാപാരികളും രാഹുൽ ഗാന്ധിയും തമ്മിലുള്ള തർക്കവും തുടരുകയാണ്. റാലി കാരണം ഡൽഹിയിൽ 11,000 കോടി രൂപയുടെ വ്യാപാര നഷ്ടമുണ്ടായെന്നാണ് ഡൽഹി ട്രേഡേഴ്സ് അസോസിയേഷന്റെ ആരോപണം.
റാലി 25 വ്യാപാര മേഖലകളെ ബാധിച്ചെന്നും മൂന്ന് ലക്ഷം കടകളിൽ രണ്ടര ലക്ഷത്തോളം അടഞ്ഞുകിടന്നെന്നും സംഘടന പറയുന്നു. ഒറ്റദിവസം നാല് ലക്ഷം സന്ദർശകരെ നഷ്ടമായെന്നും വ്യാപാരികൾ ആരോപിച്ചു.
എന്നാൽ കൊണാട്ട് പ്ലേസിൽ ബിജെപി നേതാക്കൾ ബലം പ്രയോഗിച്ച് കടകൾ അടപ്പിക്കുകയായിരുന്നുവെന്നാണ് രാഹുൽ ഗാന്ധിയുടെ മറുപടി. സമരത്തിനെത്തുന്നവർ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങി വ്യാപാരികളെ സഹായിക്കണമെന്നും രാഹുൽ നേരത്തെ അഭ്യർഥിച്ചിരുന്നു.




