ജയ്പൂര്‍: രാജസ്ഥാനിലെ ജുൻജുനുവിൽ റോഡ് നിർമാണത്തിനിടെ വൈദ്യുതാഘാതമേറ്റ് എട്ട് തൊഴിലാളികൾ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഉദയ്പൂർവതി പൊലീസ് സ്റ്റേഷൻ പരിധിയിലെ ചാപോളി ഗ്രാമത്തിലാണ് ദാരുണമായ അപകടം ഉണ്ടായത്.
റോഡ് നിർമാണത്തിനിടെ ചരൽ മിശ്രിതം തയ്യാറാക്കുന്ന യന്ത്രം അബദ്ധത്തിൽ മുകളിലൂടെ കടന്നുപോകുന്ന ഉയർന്ന വൈദ്യുതിവിതരണ ലൈനിൽ തട്ടിയതാണ് അപകടത്തിന് കാരണമായത്. ഇതോടെ യന്ത്രത്തിലൂടെ ഉയർന്ന വോൾട്ടേജിലുള്ള വൈദ്യുതി പ്രവഹിക്കുകയും സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് വൈദ്യുതാഘാതമേൽക്കുകയുമായിരുന്നു. അപകടം നടന്നയുടൻ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെത്തുടർന്ന് പ്രദേശവാസികൾ നിർമാണ സ്ഥലത്ത് പ്രതിഷേധവുമായി രംഗത്തെത്തി. വൈദ്യുതി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് അപകടത്തിന് കാരണമായതെന്നും നിർമാണ സ്ഥലത്തെ മേൽനോട്ടം വഹിച്ചവർക്കാണ് ഉത്തരവാദിത്തമെന്നും ഗ്രാമവാസികൾ ആരോപിച്ചു. മരിച്ച തൊഴിലാളികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
അപകടത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ അനുശോചനം രേഖപ്പെടുത്തി. ദുരിതബാധിത കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ പ്രാദേശിക ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താനും പരിക്കേറ്റവർക്ക് അടിയന്തരവും മികച്ചതുമായ ചികിത്സ ലഭ്യമാക്കാനും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.
അപകടം ഹൃദയഭേദകമാണെന്ന് മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും പ്രതികരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അർഹമായ സാമ്പത്തിക നഷ്ടപരിഹാരം നൽകണമെന്ന് അദ്ദേഹം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.




