തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത. അടുത്ത നാല് ദിവസവും മഴ തുടരുമെന്നും റിപ്പോർട്ടുണ്ട്. ശനിയാഴ്ചയോടെ തെക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇടിമിന്നലോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ ജനങ്ങൾ ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഇതിനോടകം തന്നെ സംസ്ഥാനത്ത് വേനൽമഴ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് ചൂടിന് കുറവ് വരുത്തുകയും വൈദ്യുതി ഉപയോഗം കുറയാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്.






