മലപ്പുറം: എടവണ്ണപ്പാറ വെട്ടത്തൂരിൽ 19കാരൻ മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കാഞ്ഞിരകുഴി ഉസ്മാന്റെ മകൻ യാസറിനെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
മരിക്കുന്നതിന് മുമ്പ് യാസറിനെ ഒരു മൊബൈൽ ഷോപ്പ് ഉടമ വിളിച്ച് കൊണ്ടുപോയതും ഷോപ്പിൽ വെച്ച് മർദിച്ചതും സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായതായി പൊലീസ് അറിയിച്ചു. എടവണ്ണപ്പാറയിൽ സുഹൃത്തുക്കളുമായി ഉണ്ടായ വാക്കേറ്റവും സംഘർഷവും മരണത്തിന് കാരണമായെന്നാണ് കുടുംബം വാഴക്കാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
മൊബൈൽ മോഷണ ആരോപണം ഉയർത്തി യാസറിനെ കള്ളനായി ചിത്രീകരിക്കുകയും സാമൂഹ്യമാധ്യമങ്ങളിൽ അപമാനിക്കുകയും ചെയ്തുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിൽ യാസറിന്റെ ഫോണും ബുള്ളറ്റ് ബൈക്കും നഷ്ടപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഉണ്ടായ മാനസിക സമ്മർദം അദ്ദേഹം വീട്ടുകാരോടും സുഹൃത്തുക്കളോടും പങ്കുവെച്ചതായി പറയുന്നു.
ഫോണും ബൈക്കും നഷ്ടമായെന്നും ജീവിതം അവസാനിപ്പിക്കുമെന്ന് സൂചിപ്പിക്കുന്ന വാട്‌സ്ആപ്പ് സന്ദേശവും യാസർ സുഹൃത്തുക്കൾക്ക് അയച്ചതായി വിവരം. സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് തെളിവുകൾ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുന്നു. മരണത്തിലെ ദുരൂഹതകൾ പരിശോധിക്കുന്നതിനൊപ്പം ബന്ധപ്പെട്ട മൊബൈൽ ഷോപ്പ് പൊലീസ് അടപ്പിച്ചിട്ടുമുണ്ട്.






