തൃശൂര്‍: നാട്ടികയില്‍ വന്‍ ലഹരിമരുന്ന് വേട്ടയില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. വലപ്പാട് കഴിമ്പ്രം തൊട്ടാരത്ത് സ്വദേശിയായ നന്ദുകൃഷ്ണ (21) ആണ് പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്.
മാര്‍ച്ച് 9ന് നാട്ടിക ബീച്ച് സ്വദേശിയായ പുഞ്ചപ്പാടത്ത് വിഷ്ണു (37) വന്‍ ലഹരിമരുന്ന് ശേഖരവുമായി പിടിയിലായിരുന്നു. ഇയാളുടെ വീട്ടിന്റെ ടെറസില്‍ ഒളിപ്പിച്ച നിലയില്‍ ആറര കിലോ കഞ്ചാവിനൊപ്പം അഞ്ച് വടിവാളുകള്‍, ഒരു കത്തി, എയര്‍ഗണ്‍, ഡിജിറ്റല്‍ ത്രാസ് എന്നിവയും പൊലീസ് കണ്ടെടുത്തു. മീന്‍പിടിത്തക്കാരനെന്ന വ്യാജേന കഞ്ചാവ് വില്‍പന നടത്തുകയായിരുന്നു ഇയാളുടെ രീതി.
നാട്ടിലെ തോടുകളിലും കുളങ്ങളിലും മീന്‍പിടിക്കാനെന്ന പേരില്‍ പോയി ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വച്ച് കഞ്ചാവ് കൈമാറുന്നതായിരുന്നു സംഘം പിന്തുടര്‍ന്ന രീതിയെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘവും വലപ്പാട് പൊലീസും ചേര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് വിഷ്ണു പിടിയിലായത്.
ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കിയിരുന്ന വലപ്പാട് സ്വദേശി പണിക്കവീട്ടില്‍ മുഹമ്മദ് ഷെജി (30) മാര്‍ച്ച് 14ന് അറസ്റ്റിലായിരുന്നു. കേസില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. വലപ്പാട് പൊലീസ് എസ്.എച്ച്.ഒ. കെ. അനില്‍കുമാര്‍, എസ്.ഐ. എബിന്‍, സി.പി.ഒമാരായ ശ്രാവണ്‍, വിവേക്, ആദര്‍ശ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.




