വയനാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വിനോദസഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിംഗ്, സാഹസിക വിനോദ പ്രവർത്തനങ്ങൾ എന്നിവ താൽക്കാലികമായി നിർത്തിവയ്ക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.
ജില്ലയിൽ രണ്ട് ദിവസമായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ക്വാറികൾ, ഹോംസ്റ്റേകൾ, റിസോർട്ടുകൾ ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങൾ, അഡ്വഞ്ചർ ടൂറിസം സെന്ററുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു.
ദുരന്ത സാധ്യതയുള്ള ദുർബല പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ ഉടൻ നടപടി സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ടൗൺഷിപ്പ് നിർമാണ മേഖലയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റേണ്ട സാഹചര്യമുണ്ടായാൽ കൽപ്പറ്റ നഗരസഭയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചേർന്ന് നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത മേഖല, മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ആവശ്യമായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ മേപ്പാടി ഗ്രാമപഞ്ചായത്തിനും നിർദേശം നൽകിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമം 2005 പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.












