ഇറ്റാനഗർ: രാജ്യത്തിന്റെ പല ഭാഗത്തായി തുടരുന്ന കനത്ത മഴയിൽ അരുണാചൽ പ്രദേശിലെ നിരവധി ജില്ലകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി.ഗിൻ നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ഡാപോരിജോയിൽ വെള്ളപ്പൊക്കം വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി. കൂടാതെ ജില്ലയിലെ 117 വീടുകളും നിരവധി സുപ്രധാന അടിസ്ഥാന സൗകര്യങ്ങളും പ്രതികൂല കാലാവസ്ഥയെ തുടർന്ന് നശിച്ചു. കനത്ത നാശനഷ്ടങ്ങളാണ് വ്യാപകമായ മഴയിലുണ്ടായതെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം പ്രദേശത്ത് ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ് .
കൂടാതെ ഭരണകൂടവും ദുരന്തനിവാരണ വകുപ്പും നാശനഷ്ടങ്ങൾ വിലയിരുത്തുകയും ദുരിതബാധിത കുടുംബങ്ങൾക്ക് ഉടനടി സഹായം നൽകുകയും ചെയുന്നുണ്ട് . കൂടാതെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ, ഇടിമിന്നൽ, മിന്നൽ എന്നിവ ഉണ്ടാകാം, ഇത് ദുർബലമായ സ്ഥലങ്ങളിൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യത വർദ്ധിപ്പിക്കും എന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട് . അതേസമയം ലോവർ സുബാൻസിരി, വെസ്റ്റ് കാമെങ്, വെസ്റ്റ് സിയാങ്, ലോഹിത്, ചാങ്‌ലാങ് എന്നീ അഞ്ച് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിലോ ദുരന്ത സാധ്യതയുള്ള മേഖലകളിലോ താമസിക്കുന്നവരോട്, ജാഗ്രത പാലിക്കാനും ആവശ്യമായ മുൻകരുതലുകൾ എടുക്കാനും അധികൃതർ അഭ്യർത്ഥിച്ചു.






