കോഴിക്കോട്: വടക്കന്‍ ജില്ലകളില്‍ മെയ് 31 വരെ ശക്തമായ മഴ തുടരാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ തീരത്തായി ശക്തിപ്രാപിച്ച ന്യൂനമര്‍ദം കാരണം കനത്തമഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ദുര്‍ബലമായി ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നതിനിടെ മറ്റൊരു മഴ കൂടിയുണ്ടാകും. ജൂണ്‍ നാലോടെ കേരളത്തില്‍ കാലവര്‍ഷം സാധാരണനിലയിലാകും.
മധ്യകേരളം മുതല്‍ വടക്കന്‍ കേരളത്തിലേക്കാണ് മഴയുടെ അളവ് കൂടുതല്‍. എന്നാല്‍ പരക്കെമഴ ഒരു ജില്ലയിലും അനുഭവപ്പെട്ടിട്ടില്ലെന്നും കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് ലഭിച്ചത് 611 മില്ലിമീറ്റര്‍ മഴയാണെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. മഴ കൂടുതല്‍ ലഭിച്ചത് കണ്ണൂരിലാണ്. കാലവര്‍ഷക്കാറ്റ് ശക്തമായാതാണ് മഴതീവ്രമാകുന്നതിന് വഴിവെച്ചത്. വരും ദിവസങ്ങളില്‍ മഴ ശക്തമാകാന്‍ സാധ്യതയില്ലെന്നാണ് റഡാര്‍ ഗവേഷണ വിഭാഗം സൂചിപ്പിക്കുന്നത്.




