കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കുന്നു. കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലാത്തത് കൊണ്ടാണ് കേസുകൾ അവസാനിപ്പിക്കുന്നതെന്ന് പ്രത്യേക അന്വേഷണ സംഘം. 35 കേസുകളാണ് അവസാനിപ്പിക്കുന്നത്. നിലവിൽ 21 കേസുകള്‍ അവസാനിപ്പിച്ച് പ്രത്യേക സംഘം റിപ്പോർട്ട് നൽകി. ബാക്കിയുള്ളവ ഈ മാസം അവസാനിപ്പിക്കും.
മലയാള സിനിമ മേഖലയിൽ ഉണ്ടായ മോശം അനുഭവങ്ങളും സിനിമയിൽ അവസരം ലഭിക്കാൻ നേരിടേണ്ട വന്ന ബുദ്ധിമുട്ടുകളും വിവരിക്കുന്ന മൊഴികളായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ടിലുണ്ടായിരുന്നത്. കമ്മിറ്റി ശുപാർശകള്‍ക്ക് പിന്നാലെ മോശം അനുഭവങ്ങളുണ്ടായവർ പരാതിയുമായി വന്നതോടെയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. കമ്മിറ്റിയിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കോടതി നിർദ്ദേശപ്രകാരമാണ് 35 കേസുകള്‍ പോലിസ് രജിസ്റ്റർ ചെയ്തത്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകള്‍ പ്രത്യേക സംഘത്തിലെ വിവിധ അംഗങ്ങള്‍ക്ക് നൽകി.
മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നായിരുന്നു നോട്ടീസിന് നൽകിയ മറുപടി. കോടതി മുഖേനയും മൊഴി നൽകിവർക്ക് നോട്ടീസ് അയച്ചു. കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് ചലച്ചിത്ര പ്രവർത്തകരായ സ്ത്രീകള്‍ മൊഴി നൽകിയതോടെ 21 കേസുകളുടെ തുടർ നടപടിയും അവസാനിപ്പി ച്ച് കോടതിക്ക് പ്രത്യേക സംഘം റിപ്പോർട്ട് നൽകി. ബാക്കി 14 കേസുകളിലും ഇതേ നിലപാടാണ് മൊഴി നൽകിയവർ ആവർത്തിച്ചത്. ചിലർ കോടതിയിൽ മൊഴി നൽകാൻ വിമുഖത കാണിച്ചു. തുടർനടപടികള്‍ പൂർത്തിയാക്കിയ ശേഷം റിപ്പോർട്ട് ഈ മാസം കോടതിയിൽ നൽകുന്നതോടെ ഹേമകമ്മിറ്റിയിൽ എടുത്ത എല്ലാ കേസുകളും അവസാനിക്കും.



