കൊച്ചി: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിമര്‍ശനവുമായി ഹൈക്കോടതി. മേലുദ്യോഗസ്ഥനെതിരായ കേസ് കീഴുദ്യോഗസ്ഥന് അന്വേഷിച്ചിട്ട് എന്തുകാര്യമെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് അജിത് കുമാര്‍ നല്കിയ അപ്പീല്‍ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. അതിനിടെ തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് കാണിച്ച് ഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി.
വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് അനധികൃത സ്വത്ത് സമ്പാദ്യമില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയതെന്നായിരുന്നു എംആര്‍ അജിത് കുമാറിന്റെ വാദം. അതിനാല്‍, വിജിലന്‍സ് കോടതി വിധി റദ്ദാക്കണമെന്നായിരുന്നു ആവശ്യം.ഉന്നത ഉദ്യോഗസ്ഥനാണോ കേസ് അന്വേഷിച്ചതെന്നാണ് കോടതി ചോദിച്ചത് കിഴുദ്യോഗസ്ഥന്‍ അന്വേഷിച്ചിട്ട് എന്തുകാര്യമെന്ന് സംശയമുന്നയിച്ച കോടതി സര്‍ക്കാര്‍ നടപടികളെല്ലാം അറിയിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്കി. അന്വേഷണത്തിന്റെ നടപടി ക്രമങ്ങളിലേക്ക് കടന്ന കോടതി വിജിലന്‍സ് ഡയറക്ടറോടും വിശദീകരണം ചോദിച്ചിട്ടുണ്ട്.
നിയമ പ്രശ്നങ്ങളുണ്ടെന്ന് നിരീക്ഷിച്ച കോടതി പ്രോസിക്യൂഷന് അനുമതിയില്ലാതെയാണ് അന്വേഷണം നടത്തിയതെങ്കില്‍ നടപടി ക്രമത്തിന് വിരുദ്ധമാണെന്നും പറഞ്ഞു. നാളെ എല്ലാ വിശദീകരണങ്ങളും കോടതിക്ക് മുന്നിലെത്തും. അതേസമയം, തൃശൂര്‍ പുരം അലങ്കോലപ്പെട്ടതില്‍ എംആര്‍ അജിത് കുമാറിനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഗുരുതര കൃത്യവിലോപത്തില്‍ നടപടിവേണെന്നമെന്നായിരുന്നു മുന്‍ പൊലിസ് മേധാവി ഷെയ്ക്ക് ദര്‍വേസ് സാഹിബിന്റെ കണ്ടെത്തല്‍. ആ റിപ്പോര്‍ട്ട് പുതിയ ഡിജിപിയുടെ അഭിപ്രായത്തിനായി സര്‍ക്കാര്‍ മടക്കിയിരുന്നു.






