തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയില്‍ ഉയര്‍ന്ന ഫീസ് ഈടാക്കിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി പഠനം മതിയാക്കി പോയ സംഭവത്തില്‍ ഇടപെട്ട് കൃഷിമന്ത്രി പി പ്രസാദ്. ടിസി വാങ്ങിപ്പോയ വിദ്യാര്‍ത്ഥിയെ തിരികെ എത്തിക്കുമെന്ന് മന്ത്രി അറിയിച്ചു. കാര്‍ഷിക സര്‍വകലാശാല അധികൃതരുമായി സംസാരിച്ചു. വിദ്യാര്‍ത്ഥിയെ തിരികെ എടുക്കാന്‍ കോളേജ് മുന്‍കൈയെടുക്കണമെന്ന് നിര്‍ദേശിച്ചതായി മന്ത്രി അറിയിച്ചു.
ഫീസ് ഘടനയില്‍ ഭേദഗതി വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഫീസ് ഘടനയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുത്. വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ ആവശ്യമായ ഭേദഗതി വരുത്തും. കോടതിയുടെ മുന്നില്‍ ഇരിക്കുന്ന വിഷയമായതിനാലാണ് കൂടുതല്‍ ഇടപെടാത്തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മറ്റൊരു വഴിയും ഇല്ലാത്തത് കൊണ്ടാണ് ഭാരിച്ച ഫീസ് താങ്ങാനാവാതെ പഠനം ഉപേക്ഷിച്ചതെന്ന് ടി സി വാങ്ങിയ വിദ്യാര്‍ത്ഥി അര്ജുന് പറഞ്ഞു. ഫീ മൂന്നിരട്ടി കൂട്ടിയത് കാരണം പല വിദ്യാര്‍ത്ഥികളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അര്ജുന് മാധ്യമങ്ങളോട് പ്രതികരിച്ചു. അര്‍ഹതയുള്ള സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് എജുക്കേഷന്‍ ഗ്രാന്‍ഡ് ആനുകൂല്യം ലഭിക്കുന്നതിന് വലിയ കാലതാമസം നേരിടുന്നെന്നും അര്ജുന് ചൂണ്ടിക്കാട്ടുന്നു.
കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴില്‍ തൃശ്ശൂര്‍, തിരുവനന്തപുരം കാസര്‍കോട് വയനാട് ജില്ലകളിലുള്ള കോളേജുകളിലെ അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിലെ ബിരുദ കോഴ്സുകള്‍ക്കായിരുന്നു വന്‍ ഫീസ് വര്‍ധന. നേരത്തെയുള്ള ഫീസ് ഘടനയില്‍ നിന്നും മൂന്നിരട്ടി ഫീസ് വര്‍ധിപ്പിച്ച കാര്യം അപേക്ഷിക്കുന്ന സമയത്ത് പോലും കൃത്യമായി അറിയിച്ചിരുന്നില്ലെന്ന് കുട്ടികള്‍ പറയുന്നു. അടുത്ത ദിവസം ക്ലാസുകള്‍ തുടങ്ങാനിരിക്കെയാണ് ഭാരിച്ച ഫീസിനെക്കുറിച്ച് കുട്ടികള്‍ മനസിലാക്കുന്നത്.




