തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ താപനില ഉയരുമെന്ന് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ 5 ജില്ലകളില്‍ യെലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഉയര്‍ന്ന താപനിലയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ പാലക്കാട് ജില്ലയില്‍ താപനില 37 ഡിഗ്രി വരെയും തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്തെ മലയോര മേഖലകളിലൊഴികെയുള്ള ജില്ലകളില്‍ ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഉയര്‍ന്ന കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. പകല്‍ 11 മണിമുതല്‍ മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും പരമാവധി ശുദ്ധജലം കുടിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.






