കൂട്ടക്കൊലകളുടെയും അരുംകൊലകളുടെയും നാടായി കേരളം മാറിയിരിക്കുന്നു. പിഴയ്ക്കാത്ത ദിനചര്യകൾപോലെ ഓരോ ദിവസവും പിറക്കുന്നത് ചോരയിൽ കുളിച്ച വാർത്തകളുമായാണ്. മാതാപിതാക്കളെ കൊല്ലുന്ന മക്കൾ, മക്കളുടെ ജീവനെടുക്കുന്ന മാതാപിതാക്കൾ, പരസ്പരം കൊലനടത്തി പകതീർക്കുന്ന ദമ്പതികൾ, പ്രണയ തകർച്ചയിൽ ജീവഹൂതി നടത്തുന്ന യുവത്വങ്ങൾ, കലഹത്തിനൊടുവിൽ കാലന്മാരാകുന്ന അയൽവാസികൾ.
കുറ്റകൃത്യങ്ങളുടെ മട്ടും മാതിരിയും മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാം ഭദ്രമെന്ന് നാം കരുതുന്ന വീട്ടകങ്ങളിലേക്ക് മരണം കടന്നുവരുന്നത് മക്കളുടെയും കൊച്ചുമക്കളുടെയും രൂപത്തിലാകുമ്പോൾ ആർക്കാണ് വീടിന്റെ വാതിൽ തുറന്ന് കൊടുക്കാനാവുക? ആർക്കാണ് മരണഭീതിയില്ലാതെ വീട്ടിനുള്ളിൽ കിടന്നുറങ്ങാനാവുക?
തൊണ്ടയിൽ കുരുങ്ങിയ കരച്ചിൽ പുറത്തുവരാതെ തലതല്ലിപ്പൊളിച്ചും കഴുത്തിൽ നിന്ന് തല വേർപെട്ടും ചോരയിൽ കിടന്ന് പിടഞ്ഞ് മരിച്ചവരുടെ വിവരം പുറത്തറിയുന്നത് പാൽക്കാരനോ പത്രവിതരണക്കാരനോ അയൽക്കാരനോ വന്നുനോക്കുമ്പോഴാണ്.






