തിരുവനന്തപുരം: തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കഴിഞ്ഞ ദിവസം നഗരത്തിലും മലയോര പ്രദേശങ്ങളിലും നാശം വിതച്ച മഴ, തീരമേഖലയിലും കനത്ത നാശനഷ്ടം ഉണ്ടാക്കി. അടിമലത്തുറ അമ്പലത്തിൻമൂല സെന്റ് ആന്റണീസ് കുരിശടിക്ക് സമീപം ലൂർദ് മേരിയുടെ വീടിന്റെ മേൽക്കൂര തകർന്നു വീണു.
രാത്രിയിൽ ഉറക്കത്തിനിടെ ഓട് വീഴുന്ന ശബ്ദം കേട്ട് ലൂർദ് മേരി, ഭർത്താവ് പനിയടിമ, മക്കളായ കൊച്ചു ത്രേസ്യ, ജോബിൻ എന്നിവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. അതിന് പിന്നാലെ മേൽക്കൂര മുഴുവനായി തകർന്നു വീണു. വീട്ടുപകരണങ്ങളും നശിച്ചു. കുടുംബം ഇപ്പോൾ സമീപവാസികളുടെ വീട്ടിലേക്ക് മാറി താമസിക്കുകയാണ്. സംഭവം വില്ലേജ് ഓഫിസർക്ക് റിപ്പോർട്ട് ചെയ്തതായി അറിയിച്ചിട്ടുണ്ട്.




