തൃശ്ശൂർ: ശക്തമായ കാറ്റിനെ തുടർന്ന് എരുമപ്പെട്ടിയിൽ തെങ്ങ് കടമുറിഞ്ഞുവീണ് വീടിന് നാശനഷ്ടം സംഭവിച്ചു. എരുമപ്പെട്ടി ബി എസ് എൻ എൽ ടെലഫോൺ എക്സ്ചേഞ്ച് കോമ്പൗണ്ടിൽ നിന്നിരുന്ന തെങ്ങാണ് സമീപത്തുള്ള കല്ലിങ്ങൽപീടികയിൽ ബീവിയുടെ വീടിനു മുകളിലേക്ക് മറിഞ്ഞുവീണത്.
തെങ്ങിന്റെ കട ഭാഗം ഉണങ്ങി ദ്രവിച്ച അപകടാവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അപകട സാധ്യതയുള്ള തെങ്ങ് മുറിച്ചു മാറ്റണമെന്ന് വീട്ടുകാർ മുൻപ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. ഇന്ന് ഉച്ചതിരിഞ്ഞ് ഒന്നരയോടെ ഉണ്ടായ ശക്തമായ കാറ്റിലാണ് അപകടം ഉണ്ടായത്. വീടിന്റെ ടെറസിന്റെ പാരപ്പറ്റും ചുമരും തകർന്നു. വാർഡ് മെമ്പർ എൻ. കെ. കബീർ സ്ഥലത്തെത്തി പഞ്ചായത്തിലും വില്ലേജിലും നിവേദനം നൽകി.






