റിയാദ്: വിശുദ്ധനഗരമായ മക്കയെ ലക്ഷ്യമിട്ട് ഹൂതി വിമതരുടെ ആക്രമണ ശ്രമം സ്ഥിരീകരിച്ച് സൗദി അറേബ്യ. ബുധനാഴ്ചയാണ് മക്ക ലക്ഷ്യമിട്ട് ഹൂതികൾ ഡ്രോൺ വിക്ഷേപിച്ചത്. എന്നാൽ ആക്രമണ ശ്രമം സൗദി വ്യോമ പ്രതിരോധ സേന തകർത്തെന്നും സൗദി സഖ്യസേന വക്താവ് തുർക്കി അൽ മാൽക്കി പറഞ്ഞു. മക്ക, ജിദ്ദ, തയ്ഫ് തുടങ്ങിയ സൗദിയുടെ പടിഞ്ഞാറൻ തീരനഗരങ്ങളിലാണ് ആക്രമണശ്രമമുണ്ടായത്. ആക്രമണ ശ്രമത്തിന്റെ പശ്ചാത്തലത്തിൽ മക്കയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് മക്കയിൽ വ്യോമാക്രമണ ഭീഷണി അലർട്ട് പുറപ്പെടുവിക്കുന്നത്.
വിശുദ്ധ നഗരത്തെ ലക്ഷ്യമിട്ടത് മുസ്‌ലിം രാജ്യങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധമുയർന്നിട്ടുണ്ട്. ഇതോടെ പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്നും വ്യക്തമായി. അതേസമയം, ആരോപണം ഹൂതികൾ നിഷേധിച്ചു. ‘മക്കയെ ആക്രമിച്ചെന്ന ആരോപണം തെറ്റാണ്. ഇത്തരം നുണകൾ നേരത്തെയും പടച്ചുവിട്ടിട്ടുണ്ട്. ഇനിയും ആരെയും വിഡ്ഡികളാക്കാനാവില്ല.’ – ഹൂതി പൊളിറ്റ് ബ്യൂറോ അംഗം ഹാസെം അൽ ആസാദ് എക്സിൽ കുറിച്ചു.




