ദുബായ്: ഇറാനില്‍ യുദ്ധം കൊടുംപിരിക്കൊള്ളുന്ന സാഹചര്യത്തില്‍, ദുബായ് പോലുള്ള പശ്ചിമേഷ്യന്‍ നഗരങ്ങളിലേക്കുള്ള രാജ്യാന്തര വിമാന സര്‍വീസുകളില്‍ യാത്രക്കാരുടെ എണ്ണം നന്നേ കുറയുന്നത് വിമാന കമ്പനികളെ വലയ്ക്കുന്നു. അമേരിക്കയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞരിക്കുകയാണ്. പല സര്‍വീസുകളിലും വിരലിലെണ്ണാവുന്ന യാത്രികര്‍ മാത്രമാണുള്ളത്. ഇറാനിലെ യുദ്ധം മൂലമുള്ള അപകട സാധ്യത കണക്കിലെടുത്താണ് യാത്ര ഒഴിവാക്കുന്നതെന്നാണ് എമിറേറ്റ്‌സ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രാഗ്, ബുഡാപെസ്റ്റ് തുടങ്ങിയ യൂറോപ്യന്‍ നഗരങ്ങളില്‍ നിന്നും ദുബായിലേക്കുള്ള വിമാനങ്ങളില്‍ 5 മുതല്‍ 10 ശതമാനം വരെ യാത്രക്കാര്‍ മാത്രമാണുണ്ടായിരുന്നത്. അതുപോലെ ന്യൂയോര്‍ക്കില്‍ നിന്നെത്തിയ വിമാനത്തില്‍ 35 യാത്രക്കാര്‍ മാത്രമാണുണ്ടായിരുന്നത്. 500 സീറ്റുകളുള്ള എയര്‍ബസ് വിമാനത്തിലാണ് ഈ അവസ്ഥ. ചിക്കാഗോയില്‍ നിന്നുമെത്തിയ മറ്റൊരു വിമാനത്തില്‍ പകുതി സീറ്റുകളും ഒഴിഞ്ഞു കിടക്കുകയായിരുന്നു.
യുദ്ധത്തിന് മുന്‍പ് പ്രതിദിനം 500 വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്ന എമിറേറ്റ്‌സ് ഇപ്പോള്‍ 70 സര്‍വീസുകള്‍ മാത്രമാണ് ഓപ്പറേറ്റ് ചെയ്യുന്നത്. എത്തിഹാദ്, ഖത്തര്‍ എയര്‍വേയ്സ് തുടങ്ങിയ വിമാനക്കമ്പനികളും സമാനമായ പ്രതിസന്ധി തന്നെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.






