ആഗ്ര: ഓഗസ്റ്റ് അഞ്ചിന് ചെന്നൈ-ന്യൂഡൽഹി തമിഴ്നാട് എക്സ്പ്രസിലെ ജനറൽ കോച്ചിൽനിന്ന് രക്തംപോലുള്ള ദ്രാവകം ഒലിച്ചിറങ്ങുകയും ദുർഗന്ധം വമിക്കുകയും ചെയ്ത നിലയിൽ കണ്ടെത്തിയ ചുവന്ന സ്യൂട്ട്‌കേസിൽ മനുഷ്യശരീരഭാഗങ്ങളാണെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ ചെന്നൈ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ ആഗ്ര പൊലീസ്, ചെങ്കൽപട്ട് ജില്ലയിലെ ഗുഡുവാഞ്ചേരിയിലെ ഒരു വാടകവീട്ടിൽനിന്ന് കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി.
ചെന്നൈ സെൻട്രലിൽനിന്ന് തലേന്ന് രാത്രി പത്തുമണിയോടെ യാത്ര ആരംഭിച്ച ട്രെയിൻ പുലർച്ചെ അഞ്ചുമണിയോടെ ഗ്വാളിയോറിലെത്തിയപ്പോഴാണ് ജനറൽ കോച്ചിന്റെ പിൻഭാഗത്ത് ഉപേക്ഷിച്ച നിലയിൽ സ്യൂട്ട്‌കേസ് യാത്രക്കാരന്റെ ശ്രദ്ധയിൽപ്പെട്ടത്. ബാഗിൽനിന്നുള്ള രൂക്ഷമായ ദുർഗന്ധമാണ് ഇയാളെ സ്യൂട്ട്‌കേസിന് സമീപമെത്തിച്ചത്. സംശയം തോന്നിയതിനെ തുടർന്ന് റെയിൽവേ അധികൃതരെ വിവരം അറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും ട്രെയിൻ ഗ്വാളിയോറിൽനിന്ന് പുറപ്പെട്ടിരുന്നു.
തുടർന്ന് ഗ്വാളിയോർ പൊലീസ് തൊട്ടടുത്ത സ്റ്റേഷനായ ആഗ്ര കന്റോൺമെന്റിൽ വിവരം കൈമാറി. റെയിൽവേ പൊലീസ് കോച്ചിലെത്തി സ്യൂട്ട്‌കേസ് പരിശോധിച്ചപ്പോഴാണ് പേപ്പറിൽ പൊതിഞ്ഞ നിലയിൽ മനുഷ്യശരീരത്തിന്റെ പല ഭാഗങ്ങൾ കണ്ടെത്തിയത്. ശരീരഭാഗങ്ങൾ പൊതിയാൻ ഉപയോഗിച്ചിരുന്ന കടലാസുകളിൽ ചെന്നൈയുമായി ബന്ധപ്പെട്ട ലോഗോ ഉണ്ടായിരുന്നതിനാൽ അന്വേഷണം തമിഴ്നാട് കേന്ദ്രീകരിക്കാൻ പൊലീസ് തീരുമാനിച്ചു.
ചെന്നൈ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവുണ്ടായത്. രണ്ട് പേർ ചുവന്ന സ്യൂട്ട്‌കേസ് തള്ളിക്കൊണ്ട് ചെന്നൈ സെൻട്രൽ സ്റ്റേഷനിലെത്തുന്നതും തുടർന്ന് ജനറൽ കോച്ചിൽ കയറുന്നതും ദൃശ്യങ്ങളിൽനിന്ന് കണ്ടെത്തി. തുടർന്നുള്ള അന്വേഷണമാണ് ചെങ്കൽപട്ട് ജില്ലയിലെ ഗുഡുവാഞ്ചേരിയിലെത്തിയത്.
ഗുഡുവാഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശിനി ഹൈദൂൻ നിഷ (38) ആണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഇവരുടേതെന്ന് സംശയിക്കുന്ന കൂടുതൽ ശരീരഭാഗങ്ങൾ ഗുഡുവാഞ്ചേരി മോസ്ക് സ്ട്രീറ്റിലെ വാടകവീട്ടിൽനിന്നാണ് കണ്ടെത്തിയത്. അസം സ്വദേശി മണിക് ഉദ്ദീൻ ലസ്‌കറും ഇയാളുടെ പങ്കാളിയായ ഒഡീഷ സ്വദേശി ഭഗവതി മാജിയും ഈ വീട്ടിലാണ് താമസിച്ചിരുന്നത്. ഇരുവരെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി.
നിഷയും ലസ്‌കറും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ ബന്ധത്തെ എതിർത്തിരുന്ന നിഷയുടെ മകൻ അമ്മയുമായി തർക്കിച്ചതിനെ തുടർന്ന് മാറിത്താമസിച്ചിരുന്നതായാണ് വിവരം. ദിവസങ്ങളോളം അമ്മയെ കാണാതായതോടെ മകൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗുഡുവാഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസും അന്വേഷണത്തിൽ നിർണായകമായി.
വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് വലിയ പാത്രത്തിൽ സൂക്ഷിച്ചിരുന്ന നിലയിൽ കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. സ്യൂട്ട്‌കേസിൽനിന്നും വീട്ടിൽനിന്നും കണ്ടെത്തിയ ശരീരഭാഗങ്ങൾ ഹൈദൂൻ നിഷയുടേതാണോ എന്ന് സ്ഥിരീകരിക്കാൻ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ആഗ്രയിൽനിന്ന് കണ്ടെത്തിയ ശരീരഭാഗങ്ങളുമായി ഇവ പൊരുത്തപ്പെടുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
സംഭവത്തിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തതായും ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
അതേസമയം, പ്രതികൾ ശരീരഭാഗങ്ങൾ പാകം ചെയ്ത് ബിരിയാണി ഉണ്ടാക്കാൻ ശ്രമിച്ചെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ പൊലീസ് നിഷേധിച്ചു. സ്യൂട്ട്‌കേസിൽ കണ്ടെത്തിയ ശരീരഭാഗങ്ങളുടെ ബാക്കി ഭാഗങ്ങളാണ് ഗുഡുവാഞ്ചേരിയിലെ വീട്ടിൽനിന്ന് കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി.












