തൊടുപുഴ: ദേശീയ പാതാ അതോറിറ്റിയുടെ നിർമാണപ്രവർത്തനങ്ങളിലെ അപാകങ്ങളുടെ ഫലമായി അടിമാലിയിൽ മലയിടിഞ്ഞ് ഒരാൾ മരിച്ച സാഹചര്യത്തിൽ അപകടകാരണങ്ങളെകുറിച്ച് വിദഗ്ധ സംഘം അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർചെയ്ത കേസിലാണ് ഉത്തരവ്. ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ, ജില്ലാ ജിയോളജിസ്റ്റ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ, ഹസാഡ് അനലിസ്റ്റ്, സോയിൽ കൺസർവേഷൻ ഓഫീസർ, ഭൂജലവകുപ്പ് ജില്ലാ ഓഫീസർ, തഹസിൽദാർ എന്നിവരടങ്ങുന്ന വിദഗ്ധ സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കണം. അപകടം ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. ദുരന്തത്തിൽ മരിച്ചയാളുടെ കുടുംബത്തിനും പരിക്കേറ്റവർക്കും സഹായം നൽകണം. വിദഗ്ധസംഘം സമർപ്പിക്കുന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ ജില്ലാകളക്ടർ റിപ്പോർട്ട് തയ്യാറാക്കി ഒരു മാസത്തിനുള്ളിൽ കമ്മിഷനിൽ സമർപ്പിക്കണം. വിദഗ്ധസംഘത്തിന്റെ റിപ്പോർട്ടും ഇതിനൊപ്പം ഹാജരാക്കണം. എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കണം.


