എറണാകുളം: എറണാകുളത്ത് ഭക്ഷ്യവകുപ്പ് വിളിച്ച നെല്ലുസംഭരണ യോഗം മുഖ്യമന്ത്രി മാറ്റിവെച്ചു. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു യോഗം നടക്കേണ്ടത്. കൃഷി, സിവിൽ സപ്ലൈസ്, ധനകാര്യം, വൈദ്യുതി വകുപ്പുകളിലെ സിപിഐ മന്ത്രിമാരടക്കം നിരവധി മന്ത്രിമാർ യോഗത്തിനെത്തിയിരുന്നു. എന്നാൽ മില്ലുടമകൾ എത്താതിരുന്നതിനാൽ മുഖ്യമന്ത്രി യോഗം മാറ്റിവെക്കുകയായിരുന്നു.
മുഖ്യമന്ത്രി നാളെ വൈകിട്ട് നാലുമണിക്ക് തിരുവനന്തപുരത്ത് യോഗം വിളിക്കുമെന്ന് സിപിഐ മന്ത്രിമാരടക്കം പങ്കെടുത്തവരെ അറിയിച്ചു. നാളത്തെ മന്ത്രിസഭാ യോഗത്തിനുശേഷമായിരിക്കും ഈ ചർച്ച നടക്കുക. പിഎം ശ്രീ പദ്ധതിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സിപിഐ മന്ത്രിസഭാ യോഗം ബഹിഷ്കരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്നത്തെ യോഗത്തിന് ഉന്നത ഐഎസ് ഉദ്യോഗസ്ഥരും എത്തിയിരുന്നു.



