ആലപ്പുഴ: സിപിഎമ്മിൽ നിർഭയമായും സത്യസന്ധമായും രാഷ്ട്രീയ പ്രവർത്തനം തുടരാൻ കഴിയാത്ത സാഹചര്യമാണ് പാർട്ടി വിടാനുള്ള കാരണം എന്ന് മുൻ മന്ത്രി ജി. സുധാകരൻ വ്യക്തമാക്കി. അഴിമതിക്കാർക്കും ക്രിമിനൽ-മാഫിയ രാഷ്ട്രീയത്തിനുമെതിരെ നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.
സിപിഎം വിട്ട് മത്സരിക്കുന്ന സുധാകരന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ഡലത്തിൽ നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ തനിക്കായി ആത്മാർത്ഥമായും നിസ്വാർത്ഥമായും പ്രവർത്തിക്കുന്നതായി അദ്ദേഹം പറഞ്ഞു. അവരോട് നന്ദിയും കടപ്പാടും അറിയിക്കുന്നതായും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.






