ലക്കനൗ: ഉത്തർപ്രദേശിലെ ഹാപ്പൂർ ജില്ലയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ധൊലാന പൊലീസ് സ്റ്റേഷൻ പരിധിയിലെ ദെഹ്പ വിനായക്പൂർ ഗ്രാമത്തിലാണ് സംഭവം.
32-കാരനായ സച്ചിൻ കുമാറും ഭാര്യ ജ്യോതിയും (28) തമ്മിൽ ശനിയാഴ്ച പുലർച്ചെ വാക്കുതർക്കം ഉണ്ടായതായി പൊലീസ് അറിയിച്ചു. തർക്കം രൂക്ഷമായതിനെ തുടർന്ന് പ്രകോപിതനായ സച്ചിൻ ഇരുമ്പ് വടി ഉപയോഗിച്ച് ജ്യോതിയുടെ തലയ്ക്ക് ആക്രമണം നടത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജ്യോതി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഭാര്യ മരിച്ചതായി ഉറപ്പായതിന് പിന്നാലെ സച്ചിൻ വീടുവിട്ട് സമീപത്തെ റെയിൽവേ പാളത്തിലേക്ക് പോകുകയും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
സംഭവസമയത്ത് ദമ്പതികളുടെ രണ്ട് കുട്ടികളും വീട്ടിൽ ഉറങ്ങുകയായിരുന്നു. രാവിലെ ഉണർന്ന കുട്ടികൾ അമ്മയെ രക്തത്തിൽ കുളിച്ചുകിടക്കുന്നതായി കണ്ടതിനെ തുടർന്ന് അയൽവാസികളെയും ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു.
സച്ചിനും ജ്യോതിയും തമ്മിൽ ഏറെക്കാലമായി കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്നും ഇരുവരും പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
വിവരമറിഞ്ഞെത്തിയ പൊലീസ് ഇരുവരുടെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






