വാഷിംങ്ടൺ: കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് ഡിന്നറിൽ വെടിയുതിർത്ത കോൾ തോമസ് അലന്റെ കുറിപ്പ് വായിച്ചതിന് സിബിഎസ് റിപ്പോർട്ടർക്കെതിരെ തട്ടിക്കയറി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ആ കുറിപ്പിൽ തന്നെക്കുറിച്ച് പരാമർശിച്ചിരിക്കുന്ന ആരോപണങ്ങളെല്ലാം നിരസിച്ച ട്രംപ്, അവയെല്ലാം കെട്ടിച്ചമച്ചതാണെന്ന് വാദിച്ചു.
‘ഞാനൊരു റേപിസ്റ്റല്ല, കുട്ടികളെ ബലാത്സംഗം ചെയ്യുന്നവനുമല്ല. എന്റെ മേൽ കുറ്റതൃത്യങ്ങൾ കൊണ്ട് മൂടാൻ ഞാൻ ആരെയും അനുവദിക്കില്ല’ എന്ന് ട്രംപ് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. വെടിവയ്പ്പ് നടത്തിയ ആക്രമണകാരി തീവ്രവാദിയും, ക്രിസ്ത്യൻ വിരോധിയും, മനോരോഗിയുമാണെന്ന് ആരോപിച്ച ട്രംപ്, കുറ്റകൃത്യം രാജ്യത്ത് വച്ചുപൊറുപ്പിക്കില്ലെന്നും പറഞ്ഞു. സീക്രട്ട് സർവീസിന്റെ കൃത്യമായ ഇടപെടൽ കാരണമാണ് താനും മെലാനിയും രക്ഷപ്പെട്ടതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഉന്നത ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും പങ്കെടുത്ത അത്താഴവിരുന്നിലാണ് കഴിഞ്ഞ ദിവസം വെടിവെയ്പ്പ് ഉണ്ടായത്. വലിയ സുരക്ഷാ വീഴ്ച്ചയായാണ് ഇതിനെ വൈറ്റ്ഹൗസ് വിലയിരുത്തിയിരിക്കുന്നത്.




