അംഗണവാടിയിൽ ബിരിയാണി ചോദിച്ച് വൈറലായ ബിർണാണി ശങ്കു എന്ന തൃജൽ എസ് സുന്ദർ വീണ്ടും രംഗത്ത്. ഇത്തവണ ബിരിയാണിയല്ല വിഷയം, ആളുമാറിയ മന്ത്രി ബിന്ദു കൃഷ്ണയെ ട്രോളിയാണ് ശങ്കുവിൻറെ പുതിയ വിഡിയോ. ശങ്കു ചവറയിൽ നിന്നുള്ള മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചിയുടെ കൊച്ചുമകനാണ് എന്നാണ് മന്ത്രി ബിന്ദു കൃഷ്ണ പറയുന്നത്. എന്നാൽ താൻ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ലെന്നാണ് വീഡിയോയിൽ ശങ്കു പറയുന്നത്.
‘അവനെ എനിക്ക് ഇഷ്ടാ… ബിർണാണി ചോദിച്ച കുഞ്ഞുണ്ടല്ല, അവൻ ചവറയിലെ നമ്മുടെ മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചുടെ കൊച്ചുമകനാണ്’ എന്നാണ് മന്ത്രി ഒരു പ്രസംഗത്തിനിടെ പറഞ്ഞത്. എന്നാൽ ശങ്കു ഇത് തള്ളി. ‘പുതിയ മന്ത്രി ആൻറി പറഞ്ഞു ഞാൻ രാധാമണി ചേച്ചിയുടെ കൊച്ചുമോനാണെന്ന്. ഞാൻ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ല, എന്റെ അപ്പാമ്മേടെ പേര് ഓമന. എന്റെ അമ്മാമ്മേടെ പേര് റീന തങ്കപ്പൻ (പേര് വ്യക്തമല്ല). ഇത്രേ ഉള്ളൂ കാര്യം’ എന്നാണ് ശങ്കുവിൻറെ മറുപടി.
‘അംഗൻവാടിയിൽ ബിർനാണീം പൊരിച്ച കോഴീം’ വേണമെന്ന് ആവശ്യപ്പെടുന്ന ശങ്കുവിൻറെ വിഡിയോ നേരത്തെ വൈറലായിരുന്നു. ഇതിന് പിന്നാലെ അന്നത്തെ മന്ത്രി വീണ ജോർജ് അംഗനവാടിയിലെ ഭക്ഷണ മെനു പരിഷ്കരിച്ചിരുന്നു.






