ഇന്ത്യൻ ഫുട്ബോൾ ആരാധകർ മാസങ്ങളായുള്ള കാത്തിരിപ്പിനും ആശങ്കകൾക്കും വിരാമമായി. 2026 ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണ അവകാശം പ്രമുഖ മാധ്യമ ശൃംഖലയായ സീ എന്റർടൈൻമെൻറ് സ്വന്തമാക്കിയതായി ഔദ്യോഗിക സ്ഥിരീകരണം.
ഇതനുസരിച്ച് ലോകകപ്പ് മത്സരങ്ങൾ സീ ഗ്രൂപ്പിന്റെ പുതുതായി ആരംഭിച്ച ‘യുണൈറ്റഡ്8 സ്പോർട്സ്’ ടെലിവിഷൻ ചാനലുകൾ വഴി തത്സമയം കാണാനാകും. കൂടാതെ സീ5 ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ലൈവ് സ്ട്രീമിംഗും ലഭ്യമാകും.
സീ എന്റർടൈൻമെൻറ് 2026 ലെ ലോകകപ്പിനൊപ്പം 2034 വരെയുള്ള പ്രധാന ഫിഫ ടൂർണമെന്റുകളുടെ ഇന്ത്യയിലെ സംപ്രേഷണാവകാശവും സ്വന്തമാക്കി. ഇതോടെ ഇന്ത്യയിൽ ലോകകപ്പ് സംപ്രേഷണം ഉണ്ടാകില്ലെന്ന ആരാധകരുടെ ആശങ്കയ്ക്കും പരിഹാരം ലഭിച്ചു.
അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നടക്കുന്ന മത്സരങ്ങളുടെ സമയം ഇന്ത്യയിലെ സമയക്രമവുമായി പൊരുത്തപ്പെടാതിരിക്കുന്നതും, അർധരാത്രി മുതൽ പുലർച്ച വരെ നടക്കുന്ന മത്സരങ്ങൾക്ക് പരസ്യവരുമാനം കുറവായിരിക്കുമെന്ന വിലയിരുത്തലും മുൻപ് വൻകിട കമ്പനികളെ അവകാശം വാങ്ങുന്നതിൽ നിന്ന് പിന്മാറാൻ കാരണമായി.
100 മില്യൺ ഡോളർ ഫിഫ ആദ്യം ആവശ്യപ്പെട്ടെങ്കിലും, ചർച്ചകൾ പരിസമാപ്തിയിലായതോടെ ഇത് 60 മില്യൺ ഡോളറായി കുറച്ചു. മറ്റു കമ്പനികൾ പരമാവധി 20 മില്യൺ ഡോളർ വരെ മാത്രമാണ് വാഗ്ദാനം ചെയ്തിരുന്നത്. പിന്നീട് സീ ഗ്രൂപ്പ് പുതിയ സ്പോർട്സ് ചാനലുകൾ ‘യുണൈറ്റഡ്8 സ്പോർട്സ്’ ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ കായിക സംപ്രേഷണ വിപണിയിൽ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. കരാർ തുക ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, റിപ്പോർട്ടുകൾ 20 മില്യൺ ഡോളറിലും ഉയരത്തിൽ ആണെന്ന് സൂചിപ്പിക്കുന്നു.
സീ ഗ്രൂപ്പ് സിഇഒ പുനിത് ഗോയങ്ക ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്ന് ഇന്ത്യൻ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് സീ ഗ്രൂപ്പിന് സന്തോഷമുണ്ടെന്ന് പറഞ്ഞു. ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് ടൂർണമെന്റ് ജൂലൈ 11-ന് ആരംഭിക്കുന്നു.






