തിരുവനന്തപുരം: തിരുവനന്തപുരത്തെത്തിയ അഘോരികളെ താന്‍ കൊണ്ടുവന്നതല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പ്രചാരണത്തിന്റെ ഭാഗമായി വഴിയില്‍ വച്ച് കണ്ടതാണ്. ഡീസലടിക്കാന്‍ പൈസ ചോദിച്ചപ്പോള്‍ 100 രൂപ നല്‍കിയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. രാജീവിനെ കണ്ട് അനുഗ്രഹം നല്‍കിയാണ് അഘോരികള്‍ തിരിച്ചുപോയത്.
കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞുവിട്ടതെന്ന അവകാശവാദവുമായി കുറച്ച് അഘോരികള്‍ തിരുവനന്തപുരത്തെത്തിയത്. ഈ വാദവും രാജീവ് ചന്ദ്രശേഖര്‍ തള്ളി.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍ വന്ന സംഭവത്തിലും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. അങ്ങനെയൊരു സീല്‍ വന്നതിനെക്കുറിച്ച് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അങ്ങനെ വന്നിട്ടുണ്ടെങ്കില്‍ അത് തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കണം. വ്യാജമാണോ എന്ന് എങ്ങനെ അറിയാന്‍ കഴിയുമെന്നും രാജീവ് ചോദിച്ചു.






